അധ്യാപകനും സഹപാഠികളും ചേര്‍ന്ന് ജാതി അധിക്ഷേപം ; പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കി

അവിനാശി റോഡ് പീളമേടിലെ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളിലെ വിദ്യാര്‍ത്ഥിയായിരുന്നു അഖിലന്‍.

 

രണ്ടു മാസം മുമ്പ് സ്‌കോളര്‍ഷിപ്പിനായി ക്ലാസില്‍ അധ്യാപകന്‍ വിജയകുമാര്‍ ജാതി അന്വേഷിക്കുകയും മാട്ടിറച്ചി കഴിക്കുന്നതിനെ ചൊല്ലി കളിയാക്കുകയും ചെയ്‌തെന്ന് പരാതിയില്‍ പറയുന്നു.

സ്‌കൂളില്‍ ജാതി അധിക്ഷേപത്തെ തുടര്‍ന്ന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കി. സംഭവത്തില്‍ രണ്ടു അധ്യാപകര്‍ക്കും രണ്ട് സഹപാഠികള്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. പീളമേട് എഡി കോളനിയില്‍ അശോക് കുമാര്‍, കൗസല്യ ദമ്പതികളുടെ മകന്‍ അഖിലന്‍ (16) ആണ് മരിച്ചത്. പ്രധാന അധ്യാപകന്‍ അരുണ്‍ കുമാര്‍, ക്ലാസ് അധ്യാപകന്‍ വിജയകുമാര്‍, രണ്ടു സഹപാഠികള്‍ എന്നിവര്‍ക്കെതിരെ മൂന്നു വകുപ്പുകളിലായി പീളമേട് പൊലീസ് കേസെടുത്തു.


അവിനാശി റോഡ് പീളമേടിലെ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളിലെ വിദ്യാര്‍ത്ഥിയായിരുന്നു അഖിലന്‍. പൂജ അവധി കഴിഞ്ഞ് ബുധന്‍ രാവിലെ മകന്‍ സ്‌കൂളിലേക്ക് പോയെന്നും താന്‍ ഉച്ചയ്ക്ക് ജോലി കഴിഞ്ഞു തിരിച്ചെത്തിയപ്പോള്‍ വീടിനകത്തു തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നും അമ്മ കൗസല്യ നല്‍കിയ പരാതിയില്‍ പറയുന്നു.


രണ്ടു മാസം മുമ്പ് സ്‌കോളര്‍ഷിപ്പിനായി ക്ലാസില്‍ അധ്യാപകന്‍ വിജയകുമാര്‍ ജാതി അന്വേഷിക്കുകയും മാട്ടിറച്ചി കഴിക്കുന്നതിനെ ചൊല്ലി കളിയാക്കുകയും ചെയ്‌തെന്ന് പരാതിയില്‍ പറയുന്നു. ഇതിന് ശേഷം ക്ലാസിലെ കുട്ടികള്‍ മകനോടു സംസാരിക്കാതെ അകറ്റി നിര്‍ത്തി. രണ്ടു സഹപാഠികള്‍ സ്ഥിരമായി ജാതിപ്പേരു വിളിച്ച് അധിക്ഷേപിക്കുന്ന കാര്യം പ്രധാന അധ്യാപകനോട് പറഞ്ഞെങ്കിലും നടപടിയുണ്ടായില്ല. നാട്ടുകാര്‍ പ്രതിഷേധിച്ചതോടെ കേസെടുക്കാന്‍ തന്നെ പൊലീസ് തയ്യാറായതെന്നും പറയുന്നു.