കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തി ഡ്രൈവറെ മർദിച്ച സംഭവം; അഞ്ച് ശബരിമല തീർഥാടകർക്കെതിരെ കേസ്

കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തി ഡ്രൈവറെ മർദിച്ച സംഭവത്തിൽ അഞ്ച് ശബരിമല തീർഥാടകർക്കെതിരെ മരട് പൊലീസ് കേസെടുത്തു. തൃശൂർ സ്വദേശികളായ രഞ്ജിത്ത്, ലാൽ കൃഷ്ണദാസ്, ജിഷ്ണു, ജിതിൻ, അനന്തു എന്നിവരെയാണ് പ്രതി ചേർത്തിരിക്കുന്നത്. തിരുവനന്തപുരം-പാലക്കാട് റൂട്ടിൽ സർവീസ് നടത്തുകയായിരുന്ന ബസിലെ ഡ്രൈവറെയാണ് സംഘം ആക്രമിച്ചത്. ബസിനുള്ളിലേക്ക് അതിക്രമിച്ചുകയറി ഡ്രൈവറെ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് പൊലീസ് നടപടി.

 

കൊച്ചി: കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തി ഡ്രൈവറെ മർദിച്ച സംഭവത്തിൽ അഞ്ച് ശബരിമല തീർഥാടകർക്കെതിരെ മരട് പൊലീസ് കേസെടുത്തു. തൃശൂർ സ്വദേശികളായ രഞ്ജിത്ത്, ലാൽ കൃഷ്ണദാസ്, ജിഷ്ണു, ജിതിൻ, അനന്തു എന്നിവരെയാണ് പ്രതി ചേർത്തിരിക്കുന്നത്. തിരുവനന്തപുരം-പാലക്കാട് റൂട്ടിൽ സർവീസ് നടത്തുകയായിരുന്ന ബസിലെ ഡ്രൈവറെയാണ് സംഘം ആക്രമിച്ചത്. ബസിനുള്ളിലേക്ക് അതിക്രമിച്ചുകയറി ഡ്രൈവറെ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് പൊലീസ് നടപടി.

ഇന്നലെ ഉച്ചയ്ക്ക് 1.30-ഓടെ വൈറ്റില ദേശീയപാതയിൽ തൈക്കൂടം പാലത്തിന് സമീപത്തായിരുന്നു സംഭവം. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തീർഥാടകർ സഞ്ചരിച്ചിരുന്ന ടെമ്പോ ട്രാവലർ കെഎസ്ആർടിസി ബസിൽ ഉരസുകയായിരുന്നു. ഇതിനെച്ചൊല്ലി ഇരുവാഹനങ്ങളിലെയും ജീവനക്കാരും യാത്രക്കാരും തമ്മിലുണ്ടായ വാക്കുതർക്കം പിന്നീട് കൈയാങ്കളിയിലും ആക്രമണത്തിലും കലാശിക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കുന്നു.

ബസിന്റെ ഡ്രൈവർ സീറ്റിന്റെ ഭാഗത്തെ ഡോർ ബലമായി വലിച്ചുതുറന്ന് പ്രതികൾ അകത്തേക്ക് അതിക്രമിച്ചുകയറുകയും ഡ്രൈവറെ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. പട്ടാപ്പകൽ തിരക്കേറിയ ദേശീയപാതയിൽ നടന്ന അക്രമം ബസിലുണ്ടായിരുന്ന യാത്രക്കാരിലും വലിയ പരിഭ്രാന്തി സൃഷ്ടിച്ചു. മർദനത്തിനിടെ ജീവനക്കാരന്റെ യൂണിഫോം ഷർട്ട് പ്രതികൾ വലിച്ചുകീറുകയും ഐഡന്റിറ്റി കാർഡിന്റെ ടാഗ് പൊട്ടിക്കുകയും ചെയ്തു.

അക്രമത്തെത്തുടർന്ന് ബസിന്റെ തുടർന്നുള്ള സർവീസ് മുടങ്ങിയതിലൂടെ കെഎസ്ആർടിസിക്ക് 25,000 രൂപയുടെ സാമ്പത്തിക നഷ്ടം ഉണ്ടായതായി എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അന്യായമായി സംഘം ചേർന്നതിനും പൊതുമുതൽ നശിപ്പിച്ചതിനും സർക്കാർ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് മരട് പൊലീസ് കേസെടുത്തിരിക്കുന്നത്.