വിദ്യാർഥിയെ ക്രൂരമായി മർദിച്ച് ഗുരുതരമായി പരുക്കേൽപ്പിച്ച കേസ് ; രണ്ടുപേർ കൂടി അറസ്റ്റിൽ, 16കാരനെ ഒബ്സർവേഷൻ ഹോമിലേക്ക് മാറ്റി

വിദ്യാർഥിയെ ക്രൂരമായി മർദിച്ച് ഗുരുതരമായി പരുക്കേൽപ്പിച്ച കേസിൽ നിർണായക നടപടി. ജനനേന്ദ്രിയത്തിന് ഗുരുതരമായി പരുക്കേറ്റ സംഭവത്തിൽ രണ്ടും മൂന്നും പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. പിറവം കല്ലുമാരിയിൽ അക്ഷയ് സാജു (18), എറണാകുളം അമ്പലമുകൾ നെച്ചിക്കാട്ടുകുഴി ഗൗതം കൃഷ്ണ (18) എന്നിവരാണ് അറസ്റ്റിലായത്. ഇരുവരെയും കോടതി റിമാൻഡ് ചെയ്തു. കേസിലെ ഒന്നാം പ്രതിയായ 16കാരനെ കോടതിയിൽ ഹാജരാക്കി 10 ദിവസത്തേക്ക് തിരുവഞ്ചൂരിലെ ഗവ. ഒബ്സർവേഷൻ ഹോമിലേക്ക് മാറ്റി.

 

 തൊടുപുഴ: വിദ്യാർഥിയെ ക്രൂരമായി മർദിച്ച് ഗുരുതരമായി പരുക്കേൽപ്പിച്ച കേസിൽ നിർണായക നടപടി. ജനനേന്ദ്രിയത്തിന് ഗുരുതരമായി പരുക്കേറ്റ സംഭവത്തിൽ രണ്ടും മൂന്നും പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. പിറവം കല്ലുമാരിയിൽ അക്ഷയ് സാജു (18), എറണാകുളം അമ്പലമുകൾ നെച്ചിക്കാട്ടുകുഴി ഗൗതം കൃഷ്ണ (18) എന്നിവരാണ് അറസ്റ്റിലായത്. ഇരുവരെയും കോടതി റിമാൻഡ് ചെയ്തു. കേസിലെ ഒന്നാം പ്രതിയായ 16കാരനെ കോടതിയിൽ ഹാജരാക്കി 10 ദിവസത്തേക്ക് തിരുവഞ്ചൂരിലെ ഗവ. ഒബ്സർവേഷൻ ഹോമിലേക്ക് മാറ്റി.

തൊടുപുഴ ഗ്രാന്റീസ് ടെക്നോളജീസിൽ മൊബൈൽ ആൻഡ് ലാപ്‌ടോപ് ടെക്നോളജി കോഴ്സ് പഠിക്കുന്ന വിദ്യാർഥിയെയാണ് പ്രായപൂർത്തിയാകാത്ത വിദ്യാർഥിയും സഹപാഠികളായ അക്ഷയ്, ഗൗതം എന്നിവരും ചേർന്ന് ആക്രമിച്ചതെന്നാണ് പരാതി. പ്രതികൾ ലഹരി ഉപയോഗിക്കുന്ന വിവരം അധ്യാപകനെ അറിയിച്ചതിന്റെ പേരിലായിരുന്നു മർദനമെന്നാണ് കേസ്. ആക്രമണത്തിൽ വിദ്യാർഥിക്ക് ഗുരുതരമായി പരുക്കേൽക്കുകയും ഒരു വൃഷണം നീക്കം ചെയ്യേണ്ട സാഹചര്യമുണ്ടാകുകയും ചെയ്തു.

കേസിലെ പ്രധാന പ്രതിയായ 16കാരനെ പൊലീസ് നേരത്തേ കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയതിന് പിന്നാലെ ഇയാളെ വീട്ടുകാർക്കൊപ്പം വിട്ടയക്കുകയായിരുന്നു. ഇപ്പോൾ രണ്ടും മൂന്നും പ്രതികളെ കൂടി അറസ്റ്റ് ചെയ്തതോടെയാണ് കേസിൽ കൂടുതൽ നടപടികളിലേക്ക് പൊലീസ് കടന്നിരിക്കുന്നത്.

വിദ്യാർഥിയുടെ ആരോഗ്യനിലയും സംഭവത്തിന്റെ പശ്ചാത്തലവും ഉൾപ്പെടെ പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്. ലഹരി ഉപയോഗത്തെക്കുറിച്ചുള്ള വിവരം അധ്യാപകനെ അറിയിച്ചതിന്റെ പേരിൽ സഹപാഠിയെ ആക്രമിച്ചെന്ന ആരോപണം കേസിൽ കൂടുതൽ ഗൗരവത്തോടെയാണ് പൊലീസ് പരിശോധിക്കുന്നത്.