‘കാസ ഈ പരിസരത്തെങ്ങാനും ഉണ്ടോ ആവോ?’ - യുപിയിൽ ബി.ജെ.പി സർക്കാർ ക്രിസ്മസ് അവധി നിഷേധിച്ചതിനെതിരെ ഡോ. ജിന്റോ ജോൺ 

 

കൊച്ചി: ഉത്തർപ്രദേശിൽ ക്രിസ്മസിന് അവധി നിഷേധിച്ച് സ്കൂളുകൾക്ക് പ്രവൃത്തി ദിവസമാക്കിയതിനെതിരെ കോൺഗ്രസ് നേതാവും എറണാകുളം ജില്ലാപഞ്ചായത്തംഗവുമായ ഡോ. ജി​ന്റോ ജോൺ. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ഉത്തർപ്രദേശിലെ ബി.ജെ.പി സർക്കാറിന്റെ നടപടി വ്യാപക പ്രതിഷേധം ക്ഷണിച്ചുവരുത്തുന്നതിനിടെയാണ് ജിന്റോജോണിന്റെ പ്രതികരണം. ‘കാസ ഈ പരിസരത്തെങ്ങാനും ഉണ്ടോ ആവോ? എന്ന് അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ ചോദിച്ചു.

സംഘ്പരിവാറിനെ പിന്തുണക്കുന്ന തീവ്രക്രൈസ്തവ വർഗീയ സംഘടനയാണ് കാസ. നേരത്തെ വിവിധ വിഷയങ്ങളിൽ സംഘ്പരിവാർ അനുകൂല നിലപാടാണ് കാസ സ്വീകരിച്ചിരുന്നത്. ഉത്തർപ്രദേശിൽ ഇക്കുറി ക്രിസ്മസിന് സ്കൂളുകൾക്ക് പ്രവൃത്തിദിനമായിരിക്കുമെന്നും മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ജന്മശതാബ്ദിയോട് അനുബന്ധിച്ചുള്ള പരിപാടികൾ ഈ ദിവസം സ്കൂളിൽ നടത്തണമെന്നുമാണ്ണ് യു.പി സർക്കാറിന്റെ നിർദേശം. ഈ ദിവസം വിദ്യാർഥികളുടെ ഹാജർ നിർബന്ധമാണെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു.

എന്നാൽ, രാജ്യത്തെ മറ്റെല്ലാ സംസ്ഥാനങ്ങളിലും ക്രിസ്മസ് ദിവസം അവധിയാണ്. ഇതിൽ കേരളം, രാജസ്ഥാൻ, പഞ്ചാബ് സംസ്ഥാനങ്ങളിൽ ഏറെ നാൾ ക്രിസ്മസ് അവധി ലഭിക്കും. കേരളത്തിൽ ഡിസംബർ 24ന് അടക്കുന്ന സ്കൂളുകൾ ജനുവരി അഞ്ചിനാണ് തുറക്കുക.

ഡിസംബർ 25 മുതൽ ജനുവരി അഞ്ച് വരെയാണ് രാജസ്ഥാനിലെ ക്രിസ്മസ് അവധി. ഡിസംബർ 22 മുതൽ ജനുവരി 10 വരെയാണ് പഞ്ചാബിലെ ക്രിസ്മസ് അവധി. ഡൽഹി, ഹരിയാന, തെലങ്കാന, ആന്ധ്ര സംസ്ഥാനങ്ങളിൽ ക്രിസ്മസ് ദിവസം അവധിയായിരിക്കും. മുൻവർഷങ്ങളിൽ യു.പിയിൽ ക്രിസ്മസിന് അവധി നൽകിയിരുന്നു.