വിജിലന്‍സ് അന്വേഷണം സ്വാഗതം ചെയ്ത് കാര്‍ട്ടണ്‍ ഇന്ത്യ കമ്പനിയും; ആരോപണം തെളിയിച്ചാല്‍ പരാതിക്കാരനായ ഷമ്മാസിന് ഒരു കോടി നല്‍കാമെന്നും വെല്ലുവിളി

കെ.എസ്.യു നേതാവായ മുഹമ്മദ് ഷമ്മാസാണ് പി പി ദിവ്യക്കെതിരേ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കിയിരുന്നത്.

 

അന്വേഷണത്തിലൂടെ യാഥാര്‍ഥ്യം പുറത്തുവരട്ടെ. ടെന്‍ഡര്‍ ഇല്ലാതെയാണ് പ്രവൃത്തികള്‍ കൈമാറിയതെന്ന് പരാതിക്കാരനായ മുഹമ്മദ് ഷമ്മാസ് തെളിയിച്ചാല്‍ ഒരു കോടി രൂപ നല്‍കും

വിജിലന്‍സ് അന്വേഷണത്തെ സ്വാഗതം ചെയ്ത് കാര്‍ട്ടണ്‍ ഇന്ത്യ അലയന്‍സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി. പി പി ദിവ്യ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ ടെന്‍ഡര്‍ ഇല്ലാതെ കാര്‍ട്ടണ്‍ കമ്പനിക്ക് കരാറുകള്‍ നല്‍കിയെന്ന പരാതിയില്‍ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഇതിനുപിന്നാലെയാണ് അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായി കമ്പനി അറിയിച്ചത്.

അന്വേഷണത്തിലൂടെ യാഥാര്‍ഥ്യം പുറത്തുവരട്ടെ. ടെന്‍ഡര്‍ ഇല്ലാതെയാണ് പ്രവൃത്തികള്‍ കൈമാറിയതെന്ന് പരാതിക്കാരനായ മുഹമ്മദ് ഷമ്മാസ് തെളിയിച്ചാല്‍ ഒരു കോടി രൂപ നല്‍കും. പണം കെ.എസ്.യുവിന് നല്‍കാമെന്നും കാര്‍ട്ടണ്‍ ഇന്ത്യ അലയന്‍സ് പ്രൈവറ്റ് ലിമിറ്റഡ് അറിയിച്ചു.

കെ.എസ്.യു നേതാവായ മുഹമ്മദ് ഷമ്മാസാണ് പി പി ദിവ്യക്കെതിരേ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കിയിരുന്നത്. ടെന്‍ഡര്‍ ഇല്ലാതെ കാര്‍ട്ടണ്‍ കമ്പനിക്ക് കരാര്‍ നല്‍കിയെന്നും ഇത് ദിവ്യയുടെ ബിനാമി കമ്പനിയാണെന്നുമാണ് പരാതിയുടെ ആരോപണം. പരാതിയില്‍ ദിവ്യയുടെയും ഭര്‍ത്താവിന്റെയും സ്വത്തുവിവരങ്ങളും വിജിലന്‍സ് പരിശോധിക്കും. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറിയായിരുന്ന അബ്ദുള്‍ ലത്തീഫിനെതിരേയും അന്വേഷണമുണ്ടാകും.


അതിനിടെ, വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടതിന് പിന്നാലെ അന്വേഷണവുമായി സഹകരിക്കുമെന്ന് പി പി ദിവ്യ പ്രതികരിച്ചിരുന്നു. അന്വേഷണത്തെ സ്വാഗതംചെയ്യുന്നതായും അപവാദങ്ങള്‍ക്ക് മുന്നില്‍ തലകുനിക്കില്ലെന്നും ദിവ്യ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.