തൃശൂരില്‍ നിയന്ത്രണം വിട്ട കാര്‍ ബൈക്കിലേക്ക് ഇടിച്ചുകയറി; മൂന്ന് വയസുള്ള കുഞ്ഞുള്‍പ്പെടെ 3 പേര്‍ക്ക് ദാരുണാന്ത്യം

ബൈക്കിലിടിച്ച ശേഷം കാര്‍ സമീപത്തെ വൈദ്യുത പോസ്റ്റിലേക്ക് ഇടിച്ചു കയറി.

 

കാര്‍ ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി ദൃക്സാക്ഷികള്‍ പറയുന്നു

കുന്നംകുളം ആര്‍ത്താറ്റില്‍ നടന്ന അപകടത്തില്‍ മൂന്ന് വയസ്സുള്ള കുഞ്ഞുള്‍പ്പടെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. ബൈക്ക് യാത്രികരായ തൃശൂര്‍ എടക്കഴിയൂര്‍ സ്വദേശികളായ മുനീര്‍, ഷിഫ്ന, മൂന്നു വയസ്സുള്ള എമില്‍ ഐബക്ക് എന്നിവരാണ് മരിച്ചത്. നിയന്ത്രണം വിട്ട കാര്‍ ബൈക്കിലേക്ക് ഇടിച്ച് കയറുകയായിരുന്നു. കാര്‍ ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി ദൃക്സാക്ഷികള്‍ പറയുന്നു. ഇന്നലെ രാത്രി 11.40-നായിരുന്നു അപകടം.

ബൈക്കിലിടിച്ച ശേഷം കാര്‍ സമീപത്തെ വൈദ്യുത പോസ്റ്റിലേക്ക് ഇടിച്ചു കയറി. കുന്നംകുളത്തു നിന്ന് ചാവക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന മുനീറും കുടുംബവും ബൈക്ക് റോഡിന്റെ വശത്ത് നിര്‍ത്തി മൊബൈലില്‍ സംസാരിക്കുന്നതിനിടെയാണ് കാര്‍ ഇവരെ ഇടിച്ചതെന്നാണ് വിവരം. ഉടന്‍ തന്നെ നാട്ടുകാര്‍ ചേര്‍ന്ന് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കഴിഞ്ഞ ദിവസം തൃശൂര്‍ കയ്പമംഗലത്തുണ്ടായ അപകടത്തില്‍ എട്ട് വിദ്യാര്‍ത്ഥികള്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു ദാരുണ വാര്‍ത്തകൂടി പുറത്തുവന്നിരിക്കുന്നത്.