തൃശൂര്‍ കയ്പമംഗലത്ത് നിര്‍ത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നില്‍ കാര്‍ ഇടിച്ചുണ്ടായ അപകടം ; മരിച്ച എട്ടു പേരും എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികള്‍

കയ്പമംഗലം പനമ്പിക്കുന്ന് സെന്ററില്‍ വെള്ളിയാഴ്ച രാത്രി 11:42നായിരുന്നു അപകടം.

 

വിനോദയാത്രയ്ക്കായി കേരളത്തില്‍ എത്തിയ ദിണ്ടിഗലിലെ പിഎസ്എന്‍എ എഞ്ചിനീറിങ് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്.

തൃശൂര്‍ കയ്പമംഗലത്ത് നിര്‍ത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നില്‍ കാര്‍ ഇടിച്ചുണ്ടായ അപകടത്തില്‍ മരിച്ച എട്ടുപേരും വിദ്യാര്‍ത്ഥികള്‍. വിനോദയാത്രയ്ക്കായി കേരളത്തില്‍ എത്തിയ ദിണ്ടിഗലിലെ പിഎസ്എന്‍എ എഞ്ചിനീറിങ് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. സേലം സ്വദേശി വിശ്വ (20), ദിണ്ടിഗല്‍ സ്വദേശി സൂര്യ (20), മധുര സ്വദേശി സന്തോഷ് (20), മധുര സ്വദേശി പ്രസന്ന, ദിണ്ടിഗല്‍ സ്വദേശി യുവസഞ്ജിത് (20) എന്നിവരാണ് മരിച്ചത്. മൂന്നുപേരെ തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

കയ്പമംഗലം പനമ്പിക്കുന്ന് സെന്ററില്‍ വെള്ളിയാഴ്ച രാത്രി 11:42നായിരുന്നു അപകടം. നിര്‍മാണം പുരോഗമിക്കുന്ന ദേശീയപാത 66ലെ ഡൈവേര്‍ഷന്‍ ഭാഗത്ത് നിര്‍ത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നിലേക്കാണ് എട്ടംഗ സംഘം സഞ്ചരിച്ച തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള കാര്‍ ഇടിച്ചുകയറിയത്. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. വാഹനം വെട്ടിപ്പൊളിച്ചാണ് വിദ്യാര്‍ത്ഥികളെ പുറത്തെടുത്തത്. എല്ലാവരും സംഭവസ്ഥലത്തുവെച്ച് തന്നെ മരണപ്പെട്ടു. മൃതദേഹങ്ങള്‍ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. രാവിലെ ഒന്‍പതുമണിയോടെ പോസ്റ്റ്‌മോര്‍ട്ടം ആരംഭിക്കുമെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് അറിയിച്ചു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.