തലസ്ഥാനത്ത് വീണ്ടും ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

വൈകിട്ട് ഏഴ് മണിക്ക് ശേഷമായിരുന്നു സംഭവം. 

 

കഴക്കൂട്ടം -കാരോട് ബൈപ്പാസില്‍ ഈഞ്ചയ്ക്കല്‍ ജങ്ഷന് സമീപമായിരുന്നു വാഹനത്തില്‍ തീപിടിച്ചത്.

തലസ്ഥാന നഗരത്തില്‍ വീണ്ടും ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഡ്രൈവറുടെ സമയോചിതമായ ഇടപെടലില്‍ വന്‍ദുരനന്തം ഒഴിവായി. വൈകിട്ട് ഏഴ് മണിക്ക് ശേഷമായിരുന്നു സംഭവം. 

കഴക്കൂട്ടം -കാരോട് ബൈപ്പാസില്‍ ഈഞ്ചയ്ക്കല്‍ ജങ്ഷന് സമീപമായിരുന്നു വാഹനത്തില്‍ തീപിടിച്ചത്. കോട്ടയ്ക്കകം ഭാഗത്ത് നിന്നും ആറ്റിങ്ങലേക്ക് പോകുകയായിരുന്ന മഹീന്ദ്ര കാറിനാണ് തീപിടിച്ചതെന്ന് ഫയര്‍ഫോഴ്‌സ് പറഞ്ഞു. ആദ്യം പുക ഉയരുന്നത് കണ്ട് ഡ്രൈവര്‍ വാഹനം വശത്ത് ചേര്‍ത്ത് ഒതുക്കിയതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്. യാത്രക്കാര്‍ ഇറങ്ങിയതിന് പിന്നാലെ തീ ആളിപ്പടരുകയായിരുന്നു.


ഫയര്‍ഫോഴ്‌സ് കണ്‍ട്രോള്‍ റൂമില്‍ വിവരം ലഭിച്ചതോടെ മിനിറ്റുകള്‍ക്കുള്ളില്‍ ചാക്ക നിലയത്തില്‍ നിന്നും വാഹനമെത്തി തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് തിരുവനന്തപുരം നിലയത്തില്‍ നിന്നടക്കം മൂന്ന് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ആര്‍ക്കും പരുക്കുകളൊന്നുമില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇന്നലെ രാവിലെ വെങ്ങാനൂരിലെ അയ്യങ്കാളി പ്രതിമയുടെ സമീപത്തും ഓട്ടത്തിനിടെ കാറിന് തീപിടിച്ച് ഒരാള്‍ മരിച്ചിരുന്നു.