കേരളത്തിലേക്കുള്ള കഞ്ചാവ് കടത്ത്: മുഖ്യസൂത്രധാരൻ പശ്ചിമ ബംഗാളിൽ അറസ്റ്റിൽ

കേരളത്തിലേക്ക് ട്രെയിൻ മാർഗം വൻതോതിൽ കഞ്ചാവ് കടത്തുന്ന സംഘത്തിലെ മുഖ്യസൂത്രധാരൻ പശ്ചിമ ബംഗാളിൽ പിടിയിലായി. ബംഗാളിലെ പൂർബ ബർധമാൻ സ്വദേശിയായ സമീൻ ഷെയ്ഖ് (27) ആണ് പ്രത്യേക അന്വേഷണസംഘത്തിന്റെ വലയിലായത്. ഈ വർഷം സെപ്റ്റംബർ 19-ന് പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്ന് 22 കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒന്നാം പ്രതിയാണ് സമീൻ.

 

തിരുവനന്തപുരം: കേരളത്തിലേക്ക് ട്രെയിൻ മാർഗം വൻതോതിൽ കഞ്ചാവ് കടത്തുന്ന സംഘത്തിലെ മുഖ്യസൂത്രധാരൻ പശ്ചിമ ബംഗാളിൽ പിടിയിലായി. ബംഗാളിലെ പൂർബ ബർധമാൻ സ്വദേശിയായ സമീൻ ഷെയ്ഖ് (27) ആണ് പ്രത്യേക അന്വേഷണസംഘത്തിന്റെ വലയിലായത്. ഈ വർഷം സെപ്റ്റംബർ 19-ന് പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്ന് 22 കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒന്നാം പ്രതിയാണ് സമീൻ.

ബംഗാളിൽ നിന്ന് ചെന്നൈ വഴി ട്രെയിനിൽ കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്നതിനിടെ അസിം ഷെയ്ഖ് (23), സാഹിദുൽ മല്ലിക് (28) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സംഘത്തിലെ മറ്റൊരു പ്രധാന കണ്ണിയായ മസൂദ് ഷെയ്ഖിനെ (28) കോഴിക്കോടുനിന്നും പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് സമീൻ ഷെയ്ഖാണ് കടത്തിന് പിന്നിലെ മുഖ്യസൂത്രധാരനെന്ന് പൊലീസിന് വ്യക്തമായത്. തുടർന്ന് റെയിൽവേ സൂപ്രണ്ട് പി.ബി. കൃഷ്ണകുമാറിന്റെ മേൽനോട്ടത്തിൽ ഡിവൈഎസ്പി മനോജ് പരിയാട്ട്, ഇൻസ്പെക്ടർ എ. പ്രതാപ് എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണസംഘം ബംഗാളിലെത്തി രഹസ്യനിരീക്ഷണം നടത്തിയാണ് പ്രതിയെ പിടികൂടിയത്.

12 വർഷം മുൻപ് കെട്ടിടനിർമാണത്തൊഴിലാളിയായാണ് സമീൻ കേരളത്തിലെത്തിയത്. മാഹിയിലും തലശ്ശേരിയിലുമായി താമസിച്ചിരുന്ന ഇയാൾ, പിന്നീട് ഇതരസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കഞ്ചാവ് കടത്തുന്ന വിപുലമായ ശൃംഖല കെട്ടിപ്പടുക്കുകയായിരുന്നു. പാലക്കാട്, തിരൂർ, കോഴിക്കോട് എന്നിവിടങ്ങളിലേക്കാണ് പ്രധാനമായും കഞ്ചാവ് എത്തിച്ചിരുന്നത്. മലപ്പുറം ജില്ലയിലെ വാഴക്കാട് പൊലീസ് സ്റ്റേഷനിലും ഇയാൾക്കെതിരെ നേരത്തെ എൻഡിപിഎസ് (NDPS) നിയമപ്രകാരം കേസുണ്ട്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ കേരളത്തിലെത്തിച്ച് പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും.