സി.പി.എമ്മിനെ തകർക്കാനല്ല, തിരുത്താനാണ് തൻ്റെ സ്ഥാനാർത്ഥിത്വം : ആഞ്ഞടിച്ച് ടി.കെ ഗോവിന്ദൻ
തളിപ്പറമ്പിലെ പി.കെ ശ്യാമളയുടെ സ്ഥാനാർഥിത്വം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ വാദങ്ങൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് ടി.കെ ഗോവിന്ദൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ജില്ലാ സെക്രട്ടേറിയേറ്റാണ് ഈ പേര് ശുപാർശ ചെയ്തതെന്ന വാദം തെറ്റാണെന്നും, മറിച്ച് സ്വന്തം ഭാര്യയെ സ്ഥാനാർഥിയാക്കുക എന്നത് എം.വി ഗോവിന്ദൻ്റെ വ്യക്തിപരമായ താൽപ്പര്യമാണെന്നും അദ്ദേഹം ആരോപിച്ചു. ഇതിനായി ആസൂത്രിതമായ നീക്കങ്ങൾ കുറച്ചു കാലമായി നടക്കുന്നുണ്ട്.
തളിപ്പറമ്പ് : സി.പി.എമ്മിനെ തകർക്കാനല്ല, തിരുത്താനാണ് തൻ്റെ സ്ഥാനാർത്ഥിത്വമെന്ന് ടി.കെ ഗോവിന്ദൻ. തളിപ്പറമ്പ് മണ്ഡലം യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി നാമനിർദ്ദേശ പത്രിക സമർപ്പിച്ച ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം സി.പി.എമ്മിനെതിരെ ആഞ്ഞടിച്ചത്. പാർട്ടിയിൽ ഏകാധിപത്യമാണ് നടക്കുന്നത്. തൻ്റെ പിൻഗാമിയായി ഭാര്യ തന്നെ വരണമെന്ന് ആഗ്രഹിക്കുന്നതിൽ ദുരൂഹതയുണ്ടെന്നും അത് മാധ്യമങ്ങൾ കണ്ടെത്തണമെന്നും ടി.കെ ഗോവിന്ദൻ കൂട്ടിച്ചേർത്തു.
തളിപ്പറമ്പിലെ പി.കെ ശ്യാമളയുടെ സ്ഥാനാർഥിത്വം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ വാദങ്ങൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് ടി.കെ ഗോവിന്ദൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ജില്ലാ സെക്രട്ടേറിയേറ്റാണ് ഈ പേര് ശുപാർശ ചെയ്തതെന്ന വാദം തെറ്റാണെന്നും, മറിച്ച് സ്വന്തം ഭാര്യയെ സ്ഥാനാർഥിയാക്കുക എന്നത് എം.വി ഗോവിന്ദൻ്റെ വ്യക്തിപരമായ താൽപ്പര്യമാണെന്നും അദ്ദേഹം ആരോപിച്ചു. ഇതിനായി ആസൂത്രിതമായ നീക്കങ്ങൾ കുറച്ചു കാലമായി നടക്കുന്നുണ്ട്. സ്ഥാനാർഥി നിർണ്ണയത്തിൽ മുഖ്യമന്ത്രിയെ ജില്ലാ നേതൃത്വം തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. ചർച്ച ചെയ്ത മുഴുവൻ പേരുകളും സംസ്ഥാന സെക്രട്ടേറിയറ്റിൽ അവതരിപ്പിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പലതവണ എം.എൽ.എ ആയ എം.വി ഗോവിന്ദൻ സ്വന്തം സഹധർമ്മിണിയെ പിൻഗാമിയാക്കിയത് പാർട്ടി അണികൾക്കിടയിൽ വലിയ ചോദ്യചിഹ്നമായി ഉയരും. ഈ സ്ഥാനാർഥിത്വത്തിന് പിന്നിൽ പല ദുരൂഹതകളുമുണ്ട്. സി.പി.എമ്മിൽ ഇത്തരം അപചയങ്ങൾ തുടർന്നാൽ പാർട്ടി തന്നെ ഇല്ലാതാകുന്ന അവസ്ഥയുണ്ടാകും. പാർട്ടിയെ തകർക്കാനല്ല, മറിച്ച് തിരുത്താനാണ് താൻ ശ്രമിക്കുന്നത്. ബി.ജെ.പി കേരളത്തിൽ പിടിമുറുക്കാൻ ശ്രമിക്കുന്ന ഈ ഘട്ടത്തിൽ കോൺഗ്രസും സി.പി.എമ്മും യോജിക്കുന്ന തലത്തിലേക്ക് കേരള രാഷ്ട്രീയം മാറേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാർലമെൻ്റിൽ കോൺഗ്രസ് പിന്തുണയോടെ വിജയിച്ച സി.പി.എം എം.പിമാരുടെ നടപടി വർഗ്ഗവഞ്ചനയാണോ എന്ന് അദ്ദേഹം ചോദിച്ചു.
താൻ യു.ഡി.എഫിൻ്റെ പിന്തുണ തേടി എന്നത് വലിയ അപരാധമായാണ് ചിലർ പ്രചരിപ്പിക്കുന്നത്. എന്നാൽ താൻ ഉയർത്തിയ നിലപാടുകളെയാണ് യു.ഡി.എഫ് പിന്തുണയ്ക്കുന്നത്. ധീരജിൻ്റെ മരണം ഇരന്നുവാങ്ങിയതാണെന്ന കോൺഗ്രസ് പ്രചാരണത്തോട് തനിക്ക് ഇപ്പോഴും യോജിപ്പില്ല. മുഖ്യമന്ത്രിയെ വിമർശിച്ച പി. സരിനെ എൽ.ഡി.എഫ് സ്ഥാനാർഥിയാക്കിയ സാഹചര്യം നിലനിൽക്കെ ഇത്തരം പ്രചാരണങ്ങൾ ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. കൊയ്യം ജനാർദ്ദനൻ പത്രിക നൽകിയത് വൈകാരികമായ തീരുമാനം മാത്രമാണ്. ആന്തൂർ സാജൻ്റെ മരണം അടക്കമുള്ള വിഷയങ്ങൾ അതുമായി ബന്ധപ്പട്ടവർ തെരഞ്ഞെടുപ്പിൽ മത്സര രംഗത്തുണ്ടാകുമ്പോൾ വരും ദിവസങ്ങളിൽ അത് ചർച്ചയാകുമെന്നും പാർട്ടിക്ക് സ്വാധീനമില്ലാത്ത പേരാവൂർ പിടിച്ചെടുക്കാൻ പറഞ്ഞയച്ച കെ.കെ ശൈലജയെ സഹായിക്കാതെ തളിപ്പറമ്പിൽ എം.വി ഗോവിന്ദൻ തമ്പടിച്ചിരിക്കുകയാണെന്നും ടി.കെ ഗോവിന്ദൻ പരിഹസിച്ചു. തളിപ്പറമ്പ് പ്രസ് ഫോറത്തിൽ നടന്ന വാർത്താ സമ്മേളനത്തിൽ നേതാക്കളായ പി.ടി മാത്യു, പി.കെ സുബൈർ, ടി. ജനാർദ്ദനൻ, പി.കെ സരസ്വതി, ഒ.പി ഇബ്രാഹിം കുട്ടി, എ.ഡി സാബൂസ് എന്നിവരും പങ്കെടുത്തു.