കാലിക്കറ്റ് സർവകലാശാല ബൊട്ടാണിക്കൽ ഗാർഡന് സംസ്ഥാനത്തിന്റെ അംഗീകാരം  

 കേരളത്തിന്റെ സസ്യസമ്പത്തും ജൈവവൈവിധ്യവും സംരക്ഷിക്കുന്നതിൽ നിർണായക സ്ഥാനമുള്ള കാലിക്കറ്റ് സർവകലാശാല ബൊട്ടാണിക്കൽ ഗാർഡന് സംസ്ഥാനത്തിന്റെ അംഗീകാരം. സർവകലാശാല ബോട്ടണി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഉദ്യാനത്തെ സംസ്ഥാനത്തെ രണ്ടാമത്തെ ജൈവവൈവിധ്യ പൈതൃക കേന്ദ്രമായി പ്രഖ്യാപിച്ച് കേരള സർക്കാർ ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു.
 

 കേരളത്തിന്റെ സസ്യസമ്പത്തും ജൈവവൈവിധ്യവും സംരക്ഷിക്കുന്നതിൽ നിർണായക സ്ഥാനമുള്ള കാലിക്കറ്റ് സർവകലാശാല ബൊട്ടാണിക്കൽ ഗാർഡന് സംസ്ഥാനത്തിന്റെ അംഗീകാരം. സർവകലാശാല ബോട്ടണി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഉദ്യാനത്തെ സംസ്ഥാനത്തെ രണ്ടാമത്തെ ജൈവവൈവിധ്യ പൈതൃക കേന്ദ്രമായി പ്രഖ്യാപിച്ച് കേരള സർക്കാർ ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു. വിവിധ കാലഘട്ടങ്ങളിൽ സർവകലാശാലയിൽ സേവനമനുഷ്ഠിച്ച അധ്യാപകരുടെ ദീർഘവീക്ഷണവും പ്രൊഫ. സന്തോഷ് നമ്പിയുടെ ഇടപെടലുകളും ദേശീയ, സംസ്ഥാന ജൈവവൈവിധ്യ ബോർഡുകളുടെ പിന്തുണയുമാണ് ഈ അംഗീകാരത്തിന് വഴിയൊരുക്കിയത്.

19.5 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ഉദ്യാനം അപൂർവവും വൈവിധ്യമാർന്നതുമായ സസ്യങ്ങളുടെ വലിയ ശേഖരമാണ്. ബ്രയോഫൈറ്റുകൾ, പന്നൽവർഗങ്ങൾ, കാക്ടസുകൾ, ജലസസ്യങ്ങൾ, ഇഞ്ചിവർഗങ്ങൾ, കാട്ടുവാഴകൾ, ഔഷധസസ്യങ്ങൾ തുടങ്ങി നിരവധി വിഭാഗങ്ങളിലുള്ള സസ്യങ്ങൾ ഇവിടെയുണ്ട്. പശ്ചിമഘട്ടം, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽനിന്നുള്ള സസ്യങ്ങളും ഉദ്യാനത്തിന്റെ പ്രത്യേകതയാണ്. ഇതിനു പുറമേ, ഏകദേശം 13.5 ഏക്കറിൽ സ്വാഭാവിക സസ്യജാലങ്ങളും സംരക്ഷിച്ചുവരുന്നു. ഉദ്യാനത്തിലെ വിശാലമായ ജലസംഭരണികൾ സമീപപ്രദേശങ്ങളിലെ ജലസ്രോതസ്സുകൾക്കും ഗുണകരമാണ്.

1968ൽ പ്രൊഫ. ബി.കെ. നായരുടെ നേതൃത്വത്തിലാണ് ഈ ബൊട്ടാണിക്കൽ ഗാർഡൻ സ്ഥാപിച്ചത്. ഇന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്ഥാപനങ്ങളിൽനിന്നുള്ള സസ്യശാസ്ത്ര ഗവേഷകരും വിദ്യാർഥികളും പഠനത്തിനും ഗവേഷണത്തിനുമായി ഇവിടെയെത്തുന്നു. കാഴ്ചാപരിമിതിയുള്ളവർക്കും സസ്യങ്ങളെ അടുത്തറിയാൻ പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. സസ്യങ്ങളെ മണത്തും തൊട്ടറിഞ്ഞും പരിചയപ്പെടാം. അവയെക്കുറിച്ചുള്ള വിവരങ്ങൾ ഓഡിയോ സംവിധാനത്തിലൂടെയും ബ്രെയിൽ ലിപിയിലൂടെയും ലഭ്യമാക്കുന്നുണ്ട്.

പ്രകൃതിയെ അടുത്തറിയാൻ കുട്ടികൾക്കായി ഹ്രസ്വദൂര ട്രെക്കിങ് സൗകര്യവും ഉദ്യാനത്തിലുണ്ട്. വിവിധ ഭാഗങ്ങൾ, ഗ്രീൻഹൗസുകൾ, ജലസംഭരണികൾ എന്നിവയെ ബന്ധിപ്പിക്കുന്ന മനോഹരമായ നടപ്പാതകളും സന്ദർശകർക്ക് കാടിന്റെ കുളിർമ അനുഭവിക്കാനുള്ള അവസരമൊരുക്കുന്നു. ഗവേഷണം, സസ്യസംരക്ഷണം, പ്രകൃതിപഠനം എന്നിവയ്ക്ക് ഒരുപോലെ പ്രാധാന്യം നൽകുന്ന ഈ ഉദ്യാനത്തിന് ലഭിച്ച പൈതൃക പദവി കേരളത്തിന്റെ ജൈവവൈവിധ്യ സംരക്ഷണ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തേകുമെന്നാണ് പ്രതീക്ഷ.