ആരോഗ്യ വകുപ്പിലും PSCയിലും ജുഡീഷ്യറിയിലുമായി 523 തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭാ യോഗം
സംസ്ഥാനത്ത് വിവിധ വകുപ്പുകളിലായി 523 പുതിയ തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. ആരോഗ്യ മേഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 436 ഹെൽത്ത് ഇൻസ്പെക്ടർ തസ്തികകളും പിഎസ്‌സിയിൽ 35 തസ്തികകളും ജുഡീഷ്യറിയിൽ 52 തസ്തികകളുമാണ് പുതുതായി അനുവദിച്ചത്.
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ വകുപ്പുകളിലായി 523 പുതിയ തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. ആരോഗ്യ മേഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 436 ഹെൽത്ത് ഇൻസ്പെക്ടർ തസ്തികകളും പിഎസ്‌സിയിൽ 35 തസ്തികകളും ജുഡീഷ്യറിയിൽ 52 തസ്തികകളുമാണ് പുതുതായി അനുവദിച്ചത്.
ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ്-II താൽക്കാലിക തസ്തികകൾ നിലവിലില്ലാത്ത 436 ഗ്രാമപഞ്ചായത്തുകളിലാണ് പുതിയ തസ്തികകൾ സൃഷ്ടിക്കുന്നത്. ശുചിത്വ-ആരോഗ്യ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന കരാർ അടിസ്ഥാനത്തിലായിരിക്കും ഈ തസ്തികകളിലേക്കുള്ള നിയമനം നടത്തുക.
ഇതിനായി ഗ്രാമപഞ്ചായത്തുകൾക്ക് സർക്കാർ അനുമതി നൽകി. കേരള പബ്ലിക് സർവീസ് കമ്മീഷന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി 35 പുതിയ തസ്തികകൾ സൃഷ്ടിക്കും.
അഡ്മിനിസ്ട്രേഷൻ: ജോയിന്റ് സെക്രട്ടറി (1), അണ്ടർ സെക്രട്ടറി (3), സെക്ഷൻ ഓഫീസർ (6), അസിസ്റ്റന്റ് (18). ഐടി വിഭാഗം: സിസ്റ്റം മാനേജർ, നെറ്റ്‌വർക്ക് എഞ്ചിനീയർ, സിസ്റ്റം അനലിസ്റ്റ് (1 വീതം), അസിസ്റ്റന്റ് ഹാർഡ്‌വെയർ എഞ്ചിനീയർ (2). സുരക്ഷ: സെക്യൂരിറ്റി ഗാർഡ് (ദിവസവേതനം - 2). ജില്ലാ ജുഡീഷ്യറി എസ്റ്റാബ്ലിഷ്‌മെന്റിൽ 52 തസ്തികകൾ കൂടി അനുവദിച്ചു. കോടതി നടപടികൾ വേഗത്തിലാക്കാൻ ഇത് സഹായിക്കും.
ജൂനിയർ സൂപ്രണ്ട് - 18, ബെഞ്ച് ക്ലർക്ക് - 8, ജൂനിയർ സൂപ്രണ്ട് & ഹെഡ് ക്ലർക്ക് - 3, ക്ലർക്ക് - 23 എന്നിങ്ങനെയാണ് തസ്തികകൾ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും നീതിന്യായ മേഖലയിലും സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താൻ പുതിയ തസ്തികകൾ വഴിയൊരുക്കും. ഉദ്യോഗാർത്ഥികൾക്ക് വലിയ പ്രതീക്ഷ നൽകുന്നതാണ് സർക്കാരിന്റെ ഈ തീരുമാനം.