ബി.ജെ.പിയില്‍ ഭിന്നതയില്ല; തന്നോട് സ്ഥാനാർത്ഥിയാകാൻ ആവശ്യപ്പെട്ടത് സംസ്ഥാന ഘടകവും കേന്ദ്രനേതൃത്വവും; സി. കൃഷ്ണകുമാര്‍ 

പാലക്കാട് ഉപതെരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ട് ഉയരുന്ന വിമർശനങ്ങളിൽ മറുപടിയുമായി സി. കൃഷ്ണകുമാര്‍.

 

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ട് ഉയരുന്ന വിമർശനങ്ങളിൽ മറുപടിയുമായി സി. കൃഷ്ണകുമാര്‍. സ്ഥാനാര്‍ഥിയാകണമെന്ന് സംസ്ഥാന ഘടകവും കേന്ദ്രനേതൃത്വവും നിര്‍ദ്ദേശിച്ചപ്പോള്‍ ഒരു സാധാരണ പ്രവര്‍ത്തകനെന്ന നിലയില്‍ അനുസരിക്കുക മാത്രമാണ് താൻ ചെയ്തതെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത്ഷായും ജെ.പി നദ്ദയും ഉള്‍പ്പെട്ട ഒരു പാര്‍ലമെന്ററി ബോര്‍ഡാണ് അസംബ്ലി സ്ഥാനാര്‍ഥികളെ തീരുമാനിച്ചത്. പാര്‍ട്ടി ഒരു ഉത്തരവാദിത്തം ഏല്‍പിച്ചാല്‍ അത് അച്ചടക്കത്തോടെ നിര്‍വഹിക്കുക എന്നതാണ് തന്റെ ഉത്തരവാദിത്തമെന്നും കൃഷ്ണകുമാര്‍ വ്യക്തമാക്കി.

നഗരസഭാ കൗണ്‍സിലര്‍മാര്‍ക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നും കൗണ്‍സിലര്‍മാരെയും സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരെയും ഏല്‍പിച്ച ഉത്തരവാദിത്തം കൃത്യമായി അവര്‍ നിര്‍വഹിച്ചിട്ടുണ്ടെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. അതേസമയം ബി.ജെ.പിയില്‍ ഭിന്നതയില്ലെന്നും ദേശീയ നേതൃത്വത്തിന് പരാതി കൊടുത്തുവെന്നത് തെറ്റായ വാര്‍ത്തയാണെന്നും കൃഷ്ണകുമാര്‍ കൂട്ടിച്ചേർത്തു.