ബുള്‍ഡോസര്‍ രാജ് പ്രയോഗിച്ചതിലൂടെ കോണ്‍ഗ്രസ് തകര്‍ത്തത് ചരിത്രവും വിപ്ലവകരവുമായ ഒരു പോരാട്ടത്തിന്റെ സ്മരണകളെ: എ എ റഹീം

'ബുള്‍ഡോസര്‍ രാജ്' ജനാധിപത്യ വിശ്വാസികളെ തെല്ലൊന്നുമല്ല ആശങ്കപ്പെടുത്തുന്നത്. 

 

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കണ്ടുവരുന്ന അതേ കിരാതമായ ഭരണശൈലി ഇപ്പോള്‍ കോണ്‍ഗ്രസ് സര്‍ക്കാരുകളും ഏറ്റെടുത്തിരിക്കുകയാണെന്നും എ എ റഹീം പറഞ്ഞു

തെലങ്കാനയില്‍ വീടുകള്‍ ഒഴിപ്പിക്കാന്‍ ബുള്‍ഡോസര്‍ രാജ് പ്രയോഗിച്ചതില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി എ എ റഹീം എംപി. 'ബുള്‍ഡോസര്‍ രാജ്' ജനാധിപത്യ വിശ്വാസികളെ തെല്ലൊന്നുമല്ല ആശങ്കപ്പെടുത്തുന്നതെന്നും ബിജെപി ഭരിക്കുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കണ്ടുവരുന്ന അതേ കിരാതമായ ഭരണശൈലി ഇപ്പോള്‍ കോണ്‍ഗ്രസ് സര്‍ക്കാരുകളും ഏറ്റെടുത്തിരിക്കുകയാണെന്നും എ എ റഹീം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിങ്ങനെ

കര്‍ണാടകയ്ക്ക് പിന്നാലെ തെലങ്കാനയിലെ രേവന്ത് റെഡി സര്‍ക്കാര്‍ നടപ്പിലാക്കുന്ന 'ബുള്‍ഡോസര്‍ രാജ്' ജനാധിപത്യ വിശ്വാസികളെ തെല്ലൊന്നുമല്ല ആശങ്കപ്പെടുത്തുന്നത്. 
ബിജെപി ഭരിക്കുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കണ്ടുവരുന്ന അതേ കിരാതമായ ഭരണശൈലി ഇപ്പോള്‍ കോണ്‍ഗ്രസ് സര്‍ക്കാരുകളും ഏറ്റെടുത്തിരിക്കുകയാണ്.
അരികുവല്‍ക്കരിക്കപ്പെട്ട മനുഷ്യര്‍ക്ക്
വിനോബ ഭാവെ വിഭാവനം ചെയ്ത ഭൂദാന പ്രസ്ഥാനത്തിലൂടെ ലഭിച്ച ഭൂമിയില്‍ പണിതുയര്‍ത്തിയ വീടുകളാണ് , ഒരു ദാക്ഷിണ്യവുമില്ലാതെ കോണ്‍ഗ്രസ് സര്‍ക്കാര്‍ തകര്‍ത്തെറിഞ്ഞത്.
ഫെബ്രുവരി 25-ന് പുലര്‍ച്ചെ പോലീസ് സന്നാഹത്തോടെ വിനോബ നഗറില്‍ ഇരച്ചുകയറിയ ബുള്‍ഡോസറുകള്‍ ആയിരക്കണക്കിന് മനുഷ്യരെയാണ് പെരുവഴിയിലാക്കിയത്.
?ഭൂപരിഷ്‌കരണം അട്ടിമറിക്കപ്പെട്ട കാലത്ത് അതിദരിദ്രരായ മനുഷ്യര്‍ക്ക് ലഭിച്ച ഭൂമിയില്‍ നിന്ന് അവരെ ആട്ടിയോടിക്കുന്നതിലൂടെ കോണ്‍ഗ്രസ് തകര്‍ത്തത് ചരിത്രപരവും വിപ്ലവകരവുമായഒരു പോരാട്ടത്തിന്റെ സ്മരണകളെ കൂടിയാണ്. കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുക എന്ന വ്യാജേന, കൃത്യമായ നിയമനടപടികള്‍ പാലിക്കാതെ അധികാരം ഉപയോഗിച്ച് കെട്ടിടങ്ങള്‍ തകര്‍ക്കുന്നത് വെറും അമിതാധികാര പ്രവണത മാത്രമാണ്. 
കോടതികളും നിയമവ്യവസ്ഥയും നിലനില്‍ക്കുന്ന ഒരു രാജ്യത്ത് വിധി തീരുമാനിക്കേണ്ടത് ബുള്‍ഡോസറുകളല്ല.
വമ്പന്‍ സ്രാവുകളെയും കോര്‍പ്പറേറ്റുകളെയും സംരക്ഷിച്ചുകൊണ്ട്, സാധാരണക്കാരന്റെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും വീടുകള്‍ക്ക് നേരെയാണ് കോണ്‍ഗ്രസ് ബിജെപി ഭരണകൂടങ്ങള്‍ തങ്ങളുടെ അധികാരത്തിന്റെ  കരുത്ത് കാട്ടുന്നത്.
?ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളുടെയും പൗരാവകാശങ്ങളുടെയും നഗ്‌നമായ ലംഘനമാണ് ഇവിടെ നടക്കുന്നത്.  
സ്വന്തം പരാജയങ്ങള്‍ മറച്ചുവെക്കാനും ജനശ്രദ്ധ തിരിക്കാനും ഭരണകൂടം നടത്തുന്ന ഈ നാടകം ജനാധിപത്യത്തെ തകര്‍ക്കുന്നതാണ്. 
ജനങ്ങളുടെ പാര്‍പ്പിടത്തിനുള്ള അവകാശത്തിന് മേല്‍ അധികാരത്തിന്റെ ബുള്‍ഡോസറുകള്‍ ഓടിച്ചു കയറ്റുന്ന ഈ സംസ്‌കാരത്തിനെതിരെ ശക്തമായ ജനകീയ പ്രതിരോധം ഉയര്‍ന്നുവരേണ്ടതുണ്ട്.