പന്നിയങ്കര ടോള്‍ പ്ലാസയില്‍ ബസ്സുകള്‍ തടഞ്ഞ സംഭവം; ഫാസ്റ്റാഗ് പെയ്മെന്റുകള്‍ കൃത്യമായി അടയ്ക്കാറുണ്ടെന്ന് കെഎസ്ആര്‍ടിസി
പന്നിയങ്കര ടോള്‍ പ്ലാസയില്‍ ബസ്സുകള്‍ തടഞ്ഞ സംഭവം; ഫാസ്റ്റാഗ് പെയ്മെന്റുകള്‍ കൃത്യമായി അടയ്ക്കാറുണ്ടെന്ന് കെഎസ്ആര്‍ടിസി
യൂണിയന് ബാങ്ക് വിഷയത്തില്‍ ആഭ്യന്തര അന്വേഷണം നടത്തും എന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ടെന്‍ഡര്‍ നടപടികളിലൂടെ ഇത്തവണ കെഎസ്ആര്‍ടിസി പെയ്മെന്റുകള്‍ ഏല്‍പ്പിച്ചിരിക്കുന്നത് യൂണിയന് ബാങ്കിനെയാണ്.
പന്നിയങ്കര ടോള്‍ പ്ലാസയില്‍ കെഎസ്ആര്‍ടിസി ബസ്സുകള്‍ തടഞ്ഞിട്ട സംഭവത്തില്‍ വീഴ്ച പറ്റിയത് ബാങ്കിനെന്ന് കെഎസ്ആര്‍ടിസി. ഫാസ്റ്റാഗ് പെയ്മെന്റുകള്‍ കൃത്യമായി അടയ്ക്കാറുണ്ടെന്നും സംഭവിച്ചത് ബാങ്കിന്റെ ഭാഗത്തുനിന്നുള്ള സാങ്കേതിക പ്രശ്നമെന്നും കെഎസ്ആര്‍ടിസി അധികൃതര്‍ വ്യക്തമാക്കി. ടെന്‍ഡര്‍ നടപടികളിലൂടെ ഇത്തവണ കെഎസ്ആര്‍ടിസി പെയ്മെന്റുകള്‍ ഏല്‍പ്പിച്ചിരിക്കുന്നത് യൂണിയന് ബാങ്കിനെയാണ്. യൂണിയന് ബാങ്ക് വിഷയത്തില്‍ ആഭ്യന്തര അന്വേഷണം നടത്തും എന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ബാങ്ക് അന്വേഷണ റിപ്പോര്‍ട്ട് കെഎസ്ആര്‍ടിസിക്ക് നല്‍കും. കഴിഞ്ഞ ദിവസമാണ് പന്നിയങ്കര ടോള്‍ പ്ലാസയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ തടഞ്ഞിട്ടത്. രാവിലെ അന്തര്‍സംസ്ഥാന ബസുകള്‍ ഉള്‍പ്പെടെ 5 ബസ്സുകളാണ് തൃശൂരിലേക്ക് വരുന്നതിനിടയില്‍ ടോള്‍ പ്ലാസയില്‍ തടഞ്ഞിട്ടത്. ഇതോടെ യാത്രക്കാര്‍ ബസ് ജീവനക്കാരുമായി തര്‍ക്കത്തിലായി. ഒടുവില്‍ യാത്രക്കാരെ ഇറക്കി ബസുകള്‍ ടോള്‍ പ്ലാസയ്ക്ക് സമീപം മാറ്റിയിടുകയും പിന്നീട് യാത്രക്കാര്‍ മറ്റു ബസ്സുകളില്‍ കയറിയാണ് യാത്ര തുടര്‍ന്നത്. കണ്ടക്ടര്‍ ഗൂഗിള്‍ പേ വഴി ടോള്‍പ്ലാസയില്‍ പണമടച്ചതോടെയാണ് ടോള്‍ പ്ലാസ ജീവനക്കാര്‍ ബസ് കടത്തിവിട്ടത്.