ആറുവരി ദേശീയപാതയിൽ ബസ് സർവീസുകൾക്ക് വിലക്ക്; നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി
ആറുവരി ദേശീയപാതയിലൂടെ സർവീസ് നടത്തുന്ന സ്റ്റേജ് ക്യാരേജ് ബസുകൾക്കെതിരെ കർശനനടപടിയെടുക്കുമെന്ന് മോട്ടോർ വാഹന വകുപ്പിന്റെ മുന്നറിയിപ്പ്.
സ്ത്രീകളും കുട്ടികളും പ്രായമായവരും അടങ്ങുന്ന നിരവധി യാത്രക്കാർക്ക് ഹൈവേയിൽ നിന്നും പുറത്തിറങ്ങാൻ കിലോമീറ്ററുകൾ നടക്കേണ്ടി വരുന്നതായും, പലപ്പോഴും കടുത്ത ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുന്നതായും പരാതികൾ ലഭിക്കുന്നുണ്ട്.
കണ്ണൂർ: ആറുവരി ദേശീയപാതയിലൂടെ സർവീസ് നടത്തുന്ന സ്റ്റേജ് ക്യാരേജ് ബസുകൾക്കെതിരെ കർശനനടപടിയെടുക്കുമെന്ന് മോട്ടോർ വാഹന വകുപ്പിന്റെ മുന്നറിയിപ്പ്.
കഴിഞ്ഞ കുറച്ചുനാളുകളായുള്ള കാഴ്ചയാണ് സർവീസ് റോഡുകൾ ഒഴിവാക്കി സ്വകാര്യ ബസുകൾ ആറുവരി പാതയിലൂടെ മാത്രം പോകുന്നത്. ഒരു സ്ത്രീയെ ആറുവരി പാതയിലെ മേൽപ്പാലത്തിൽ ഇറക്കിവിട്ട ബസിനെതിരെ മോട്ടോർ വാഹന വകുപ്പ് നടപടി സ്വീകരിച്ചതും ഏതാനും ദിവസങ്ങൾക്ക് മുമ്പ് കണ്ടതാണ്. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് മോട്ടോർ വാഹന വകുപ്പ്.
ആറുവരി പാതയിൽ ഒരിടത്തും വാഹനങ്ങൾ നിർത്തിയിടാനുള്ള അനുമതി നൽകിയിട്ടില്ല. ഈ പാതയിൽ ഒരു സ്ഥലത്ത് പോലും ബസ് സ്‌റ്റോപ്പുകൾ അനുവദിച്ചിട്ടുമില്ല. അതുകൊണ്ടുതന്നെ സ്റ്റേജ് ക്യാരേജ് ബസുകൾ (റൂട്ട് ബസുകൾ) നിർബന്ധമായും സർവീസ് റോഡുകളിൽ കൂടി മാത്രമേ സഞ്ചരിക്കാൻ പാടുള്ളൂവെന്നാണ് മോട്ടോർ വാഹന വകുപ്പ് നിർദേശം നൽകിയിരിക്കുന്നത്. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
സർവീസ് റോഡുകൾ ഒഴിവാക്കി ആറുവരി പാതയിലൂടെ സർവീസ് നടത്തുന്ന സ്റ്റേജ് ക്യാരേജ് ബസുകൾക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്നാണ് മോട്ടോർ വാഹന വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഹൈവേയിൽ യാത്ര്ക്കാരെ ഇറക്കിവിടുന്നതായി നിരവധി പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം എടുത്തിരിക്കുന്നതെന്നാണ് മോട്ടോർ വാഹന വകുപ്പ് അറിയിച്ചിരിക്കുന്നത്.
മോട്ടോർ വാഹനവകുപ്പ് പങ്കുവെച്ച കുറിപ്പ്
ആറുവരി ദേശീയപാതയുടെ പ്രവർത്തി പല സ്ട്രെച്ചുകളിലും ഇതിനോടകം പൂർത്തിയായിട്ടുണ്ട്. അത്തരം സ്ട്രെച്ചുകൾ ഗതാഗതത്തിനായി തുറന്നു കൊടുത്തിട്ടുമുണ്ട്. എന്നാൽ ഗതാഗതത്തിനായി തുറന്നു കൊടുത്തിട്ടുള്ള അത്തരം ഭാഗങ്ങളിൽ സ്റ്റേജ് കാര്യേജ് ബസുകൾ സർവീസ് നടത്തുന്നതായും, യാത്രക്കാരെ ഹൈവേയിൽ ഇറക്കിവിടുന്നതായും നിരവധി പരാതികൾ ആണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
സ്ത്രീകളും കുട്ടികളും പ്രായമായവരും അടങ്ങുന്ന നിരവധി യാത്രക്കാർക്ക് ഹൈവേയിൽ നിന്നും പുറത്തിറങ്ങാൻ കിലോമീറ്ററുകൾ നടക്കേണ്ടി വരുന്നതായും, പലപ്പോഴും കടുത്ത ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുന്നതായും പരാതികൾ ലഭിക്കുന്നുണ്ട്. ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ല, ഒരു സ്ഥലത്തും ബസ് സ്റ്റോപ്പുകളും അനുവദിച്ചിട്ടില്ല.
ആയതിനാൽ സ്റ്റേജു ക്യാര്യേജ് ബസുകൾ നിർബന്ധമായും സർവീസ് റോഡിൽ കൂടി മാത്രമേ സഞ്ചരിക്കാൻ പാടുള്ളൂ. സർവീസ് റോഡ് ഒഴിവാക്കി ആറുവരിയിലൂടെ സർവീസ് നടത്തുന്ന സ്റ്റേജ് കാര്യേജ് വാഹനങ്ങൾക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുന്നതാണ്.