'വെടിയുണ്ട തുളച്ചു കയറിയത് ഇടതുനെഞ്ചിൽ ',സിജെ റോയിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്
കോൺഫിഡന്റ് ഗ്രൂപ്പ് സ്ഥാപക ചെയർമാൻ സി.ജെ.റോയിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത് . റോയിയുടെ മരണം വെടിയേറ്റെന്ന് സ്ഥിരീകരണം. വെടിയുണ്ട ഇടതുനെഞ്ചിൽ തുളച്ചുകയറി റോയ് തത്ക്ഷണം മരിച്ചതായി പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തിയതായി ബൗറിംഗ് ആശുപത്രിയിലെ മെഡിക്കൽ സൂപ്രണ്ട് അരവിന്ദ് എംഎൻ പറഞ്ഞു.
ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് സ്ഥാപക ചെയർമാൻ സി.ജെ.റോയിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത് . റോയിയുടെ മരണം വെടിയേറ്റെന്ന് സ്ഥിരീകരണം. വെടിയുണ്ട ഇടതുനെഞ്ചിൽ തുളച്ചുകയറി റോയ് തത്ക്ഷണം മരിച്ചതായി പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തിയതായി ബൗറിംഗ് ആശുപത്രിയിലെ മെഡിക്കൽ സൂപ്രണ്ട് അരവിന്ദ് എംഎൻ പറഞ്ഞു.
ഇടതു നെഞ്ചിൽ തുളച്ചുകയറിയ വെടിയുണ്ട ഹൃദയത്തെയും ശ്വാസകോശത്തെയും കീറിമുറിച്ച് പിൻഭാഗത്തുകൂടി പുറത്തുകടന്ന് തൽക്ഷണ മരണത്തിലേക്ക് നയിച്ചുവെന്ന് ഡോക്ടർ അരവിന്ദ് പറഞ്ഞു. 6.35 എംഎം വെടിയുണ്ട മാത്രമാണ് കണ്ടെടുത്തത്. പൂർണ്ണ വിശകലനത്തിനായി വിശദമായ റിപ്പോർട്ടുകൾ കാത്തിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
സംഭവസ്ഥലത്ത് നിന്ന് ശേഖരിച്ച രക്ത സാമ്പിളുകളുടേയും മറ്റും പരിശോധന നടത്തി വരികയാണ്. പോലീസ് ഫോററൻസിക് ലബോറട്ടറിയുമായി സഹകരിച്ചാണ് ഈ പരിശോധനകൾ നടത്തുന്നത്.
റോയിയുടെ മരണത്തിൽ കർണാടക ആഭ്യന്തര മന്ത്രി ജി.പരമേശ്വര അന്വേഷണത്തിന് ഉത്തരവിട്ടു. 'റോയ് ദുബായിൽ നിന്ന് ദിവസങ്ങൾക്ക് മുമ്പാണ് എത്തിയത്. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ ഓഫീസിൽ വെച്ച് അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. അതിനുശേഷം അദ്ദേഹം അഞ്ചു മിനിറ്റ് ഇടവേളയെടുത്തു, തന്റെ മുറിയിലേക്ക് പ്രവേശിച്ചു, 20 മിനിറ്റിനു ശേഷം മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു' പരമേശ്വര പറഞ്ഞു. കഴിഞ്ഞ ദിവസമുണ്ടായ സംഭവങ്ങളെ കുറിച്ച് പ്രാഥമിക അന്വേഷണത്തിന് നിർദ്ദേശം നൽകിയതായും പരമേശ്വര വ്യക്തമാക്കി.