മരണമടഞ്ഞ ബി.എസ്.എഫ് ജവാൻ ബക്കളത്തെ സി. പ്രമോദിന് കണ്ണീരോടെ വിട നൽകി ജന്മനാട്

ഓണാഘോഷം കഴിഞ്ഞ് ജോലി സ്ഥലത്തേക്ക് തിരിച്ചു പോകാനുള്ള ഒരുക്കത്തിനിടെ മരണമടഞ്ഞ ബി.എസ്.എഫ് ജവാൻ ബക്കളത്തെ സി. പ്രമോദിന് ജന്മനാട് വിട നൽകി. ഹൃദയാഘാതത്തെ തുടർന്ന് മരിച്ച പ്രമോദിൻ്റെ
 

ഓണാഘോഷം കഴിഞ്ഞ് ജോലി സ്ഥലത്തേക്ക് തിരിച്ചു പോകാനുള്ള ഒരുക്കത്തിനിടെ മരണമടഞ്ഞ ബി.എസ്.എഫ് ജവാൻ ബക്കളത്തെ സി. പ്രമോദിന് ജന്മനാട് വിട നൽകി. ഹൃദയാഘാതത്തെ തുടർന്ന് മരിച്ച പ്രമോദിൻ്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു.

അകാലത്തിൽ വിടപറഞ്ഞ ജവാന്‌ ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഓണാവധിക്ക്‌ നാട്ടിലെത്തിയശേഷം തിരിച്ച്‌പോകാനൊരുങ്ങുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് മരിച്ച ബി.എസ്‌.എഫ്‌ ജവാൻ  ബക്കളത്തെ സി. പ്രമോദിനാണ്‌ നാട്‌ കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലി അർപ്പിച്ചത്‌. ചെറുപ്രായത്തിൽതന്നെ കായിക മികവ്‌ പുലർത്തിയ പ്രമോദ്‌ 19ാംവയസിലാണ്‌ സൈന്യത്തിൽ ചേർന്നത്‌.  

കാർഗിൽനിന്നും കഴിഞ്ഞ 24നാണ്‌ പ്രമോദ്  നാട്ടിലെത്തിയത്‌. നാട്ടിലെ ഗ്രാമീണ വായനശാലയുടെ ഓണാഘോഷ പരിപാടികളിൽ ഉൾപ്പെടെ സജീവമായി പങ്കെടുത്ത്‌ ജോലി സ്ഥലത്തേക്ക്‌ അടുത്തദിവസം മടക്കയാത്രക്കൊരുങ്ങുന്നതിനിടെയാണ്‌ മരിച്ചത്‌. 

താഴെ ബക്കളത്തെ വീട്ടിൽ മൃതദേഹം പൊതുദർശനത്തിന് വച്ചപ്പോൾ അവസാനമായി കാണാൻ വൻജനാവലിയാണ്‌ എത്തിയത്‌. ഒദ്യോഗിക ബഹുമതിയുടെ ഭാഗമായി ബി.എസ്‌.എഫ്‌ 131ാം ബറ്റാലിയൻ ഡെപ്യൂട്ടി കമാണ്ടന്റ്‌ എം.എസ്‌ റാണയുടെ നേതൃത്വത്തിൽ ദേശീയപതാക പുതപ്പിച്ചു.  സി.പി.എം സംസ്ഥാന സെക്രട്ടറിയും എം.എൽഎയുമായ എം.വി ഗോവിന്ദനു വേണ്ടി  കെ. സന്തോഷും ജില്ലാ കലക്ടർക്ക്‌ വേണ്ടി ആർ.ഡി.ഒ ഇ.പി മേഴ്‌സിയും പുഷ്‌പചക്രം അർപ്പിച്ചു. 

എം. വിജിൻ എം.എൽ.എ, തളിപ്പറമ്പ്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി.എം കൃഷ്‌ണൻ, ആന്തൂർ നഗരസഭ ചെയർമാൻ പി. മുകുന്ദൻ,  സി.പി.എം ജില്ലാ കമ്മിറ്റിയംഗം പി.കെ ശ്യാമള, കല്യാശേരി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി.ടി ബാലകൃഷ്‌ണൻ, തഹസിൽദാർ പി. സജീവൻ, പാച്ചേനി വിനോദ്‌,  എക്‌സ്‌ ബി.എസ്‌.എഫ്‌ പി.ഡബ്ലു.എ ജില്ലാ സെക്രട്ടറി പി.വി സുരേഷ്‌കുമാർ തുടങ്ങി  സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിരവധിപേർ  അന്ത്യാഞ്‌ജലി അർപ്പിച്ചു. 

ബി.എസ്‌.എഫ്‌  നാദാപുരം ക്യാമ്പിലെ ഡെപ്യൂട്ടി കമാണ്ടന്റ്‌ എം.എസ്‌ റാണ, ഇൻസ്‌പക്ടർ എസ്‌.എസ്‌ കൃഷ്‌ണ എന്നിവരുടെ നേതൃത്വത്തിൽ ഗാർഡ്‌ ഓഫ്‌ ഓണർനൽകി പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ്‌  സംസ്ക്കാരം നടത്തിയത്‌.

പരേതനായ മാടവളപ്പിൽ ദാമോദരൻ്റെയും  സരസ്വതിയുടെയും മകനാണ് പ്രമോദ് . ഭാര്യ: ബോബിത, മേഘാലയ ഷില്ലോങ് സ്വദേശിനിയാണ്. മക്കൾ: പ്രബീഷ്, പ്രതിഭ. സഹോദരി: സി പ്രീത