ഭർത്താവിനെയും കൂട്ടി സ്റ്റേഷനിലേക്ക് വരൂ'; എ.കെ. ആന്റണിയുടെ ഭാര്യയോട് ആളറിയാതെ നിർദ്ദേശം നൽകി മ്യൂസിയം പൊലീസ് പുലിവാലുപിടിച്ചു
പരാതി നൽകാനെത്തുന്ന സ്ത്രീകളോട് 'ഭർത്താവിനെയോ അച്ഛനെയോ കൂട്ടി സ്റ്റേഷനിലേക്ക് വരൂ' എന്ന് നിർദ്ദേശിക്കുന്ന പൊലീസിന്റെ പതിവ് ശൈലി തലസ്ഥാനത്തെ മ്യൂസിയം പൊലീസിന് പുലിവാലായി. മുൻ മുഖ്യമന്ത്രി എ.കെ. ആന്റണിയുടെ ഭാര്യ എലിസബത്ത് നൽകിയ പരാതിയിലാണ് ആളറിയാതെ പൊലീസുദ്യോഗസ്ഥൻ ഈ നിർദ്ദേശം നൽകിയത്.
തിരുവനന്തപുരം: പരാതി നൽകാനെത്തുന്ന സ്ത്രീകളോട് 'ഭർത്താവിനെയോ അച്ഛനെയോ കൂട്ടി സ്റ്റേഷനിലേക്ക് വരൂ' എന്ന് നിർദ്ദേശിക്കുന്ന പൊലീസിന്റെ പതിവ് ശൈലി തലസ്ഥാനത്തെ മ്യൂസിയം പൊലീസിന് പുലിവാലായി. മുൻ മുഖ്യമന്ത്രി എ.കെ. ആന്റണിയുടെ ഭാര്യ എലിസബത്ത് നൽകിയ പരാതിയിലാണ് ആളറിയാതെ പൊലീസുദ്യോഗസ്ഥൻ ഈ നിർദ്ദേശം നൽകിയത്.
വീട്ടിലെ അറ്റകുറ്റപ്പണിക്കായി മുൻകൂർ പണം വാങ്ങിയ ആൾ പണി ചെയ്യാതെ മുങ്ങിയെന്ന് ചൂണ്ടിക്കാട്ടിയാണ് എലിസബത്ത് ഇ-മെയിൽ മുഖേന മ്യൂസിയം എസ്.ഐക്ക് പരാതി നൽകിയത്. പരാതിയിൽ തന്റെ വിലാസത്തിനൊപ്പം 'വൈഫ് ഓഫ് എ.കെ. ആന്റണി' എന്നും രേഖപ്പെടുത്തിയിരുന്നു. എന്നാൽ ഇക്കാര്യം ശ്രദ്ധിക്കാതിരുന്ന ഉദ്യോഗസ്ഥൻ, പരാതിയിലുണ്ടായിരുന്ന മൊബൈൽ നമ്പറിൽ എലിസബത്തിനെ വിളിക്കുകയും ഭർത്താവിനെയും കൂട്ടി അടുത്ത ദിവസം സ്റ്റേഷനിൽ എത്താൻ ആവശ്യപ്പെടുകയുമായിരുന്നു. സ്റ്റേഷനിൽ എത്തിയ ശേഷം പരാതിയിൽ വേണ്ട ഇടപെടൽ നടത്താമെന്നായിരുന്നു ഉദ്യോഗസ്ഥന്റെ മറുപടി.
വിവരം തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ അരുൺ ബി. കൃഷ്ണയുടെ ശ്രദ്ധയിൽപ്പെട്ടതോടെ ഉന്നതതല ഇടപെടലുണ്ടായി. ആളറിയാതെ നിർദ്ദേശം നൽകിയതിൽ എലിസബത്തിനെ നേരിൽ കണ്ട് ക്ഷമ ചോദിക്കാൻ കമ്മീഷണർ പൊലീസിന് നിർദ്ദേശം നൽകി. എന്നാൽ ക്ഷമ പറയേണ്ടതിന്റെ ആവശ്യമൊന്നുമില്ലെന്ന് വ്യക്തമാക്കി എലിസബത്ത് വിഷയം സൗഹാർദ്ദപരമായി അവസാനിപ്പിച്ചു. തുടർന്ന്, എ.കെ. ആന്റണിയുടെ വീട്ടിലെ അറ്റകുറ്റപ്പണിക്കായി പണം വാങ്ങി മുങ്ങിയ ആളെ പൊലീസ് കണ്ടെത്തുകയും നിർമ്മാണ പ്രവർത്തനങ്ങൾ എത്രയും വേഗം പൂർത്തിയാക്കാൻ കർശന നിർദ്ദേശം നൽകുകയും ചെയ്തതോടെയാണ് സംഭവത്തിന് പരിഹാരമായത്.