കണ്ണാടിയിൽ നോക്കാറുണ്ടോയെന്ന് മകൻ ചോദിച്ചു , ശരീരഭാഷ ശരിയല്ലെന്ന് വീട്ടിൽനിന്നുപോലും വിമർശനം- എം.വി. ഗോവിന്ദൻ
പാർട്ടി സെക്രട്ടറി എന്ന നിലയിൽ തന്റെ ശരീരഭാഷ ശരിയല്ലെന്ന് വീട്ടിൽനിന്നുപോലും അഭിപ്രായമുയർന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സിപിഎം തിരുവനന്തപുരം ജില്ലാകമ്മിറ്റി യോഗത്തിലാണ് തുറന്നുപറച്ചിൽ. ജില്ലാ കമ്മിറ്റിയിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറിക്കുമെതിരേ അതിരൂക്ഷ വിമർശനമാണ് ഉയർന്നത്.
തിരുവനന്തപുരം: പാർട്ടി സെക്രട്ടറി എന്ന നിലയിൽ തന്റെ ശരീരഭാഷ ശരിയല്ലെന്ന് വീട്ടിൽനിന്നുപോലും അഭിപ്രായമുയർന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സിപിഎം തിരുവനന്തപുരം ജില്ലാകമ്മിറ്റി യോഗത്തിലാണ് തുറന്നുപറച്ചിൽ. ജില്ലാ കമ്മിറ്റിയിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറിക്കുമെതിരേ അതിരൂക്ഷ വിമർശനമാണ് ഉയർന്നത്.
തിരഞ്ഞെടുപ്പ് തോൽവിക്ക് പിണറായിസം തിരിച്ചടിയായെന്ന് വിമർശനമുയർന്നു. കനത്ത തോൽവിക്ക് കാരണം പിണറായി വിജയൻ്റെ വൺമാൻഷോ ആണ്. പിണറായി തീരുമാനിക്കുന്നത് പാർട്ടി തീരുമാനമായി മാറുന്നു. സർക്കാർ എന്നാൽ പിണറായി വിജയൻ എന്നതായിരുന്നു അവസ്ഥ. ശൈലജ ടീച്ചറെ ഒതുക്കാൻ നേതൃത്വം ഒത്തുകളിച്ചെന്നും ജില്ലാ കമ്മിറ്റിയിൽ വിമർശനമുണ്ടായി.
രണ്ടാം പിണറായി സർക്കാരിൽ ശൈലജയെ മന്ത്രിയാക്കാതിരിക്കാൻ വേണ്ടി മാത്രമാണ് പുതിയ വ്യവസ്ഥ കൊണ്ടുവന്നത്. കോടിയേരി ബാലകൃഷ്ണൻ്റെ അഭാവം പാർട്ടി അറിയുന്നുണ്ട്. നേതാക്കൾ പോകുന്നെങ്കിൽ പോട്ടെ എന്ന നിലപാട് കോടിയേരി സ്വീകരിക്കില്ലായിരുന്നുവെന്നും വിമർശനം ഉയർന്നു.
നേതാക്കളുടെ സംസാര ശൈലി മാറണമെന്ന് എംവി ഗോവിന്ദൻ അഭിപ്രായപ്പെട്ടു. ഡിവൈഎഫ്ഐയുടെ പ്രവർത്തനരീതി കുറച്ചുകൂടി മെച്ചപ്പെടണം. യുവജനങ്ങൾക്കിടയിൽ ഡിവൈഎഫ്ഐ സംഘടനാപരമായി ഇറങ്ങിച്ചെല്ലണം. പൊതിച്ചോർ വിതരണത്തിനും സാമൂഹ്യപ്രവർത്തനങ്ങക്കും അപ്പുറം ഇടപെടലുകൾ ഡിവൈഎഫ്ഐയുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും അഭിപ്രയാപ്പെട്ടു.
തന്റെ പെരുമാറ്റത്തിൽ മാറ്റം ആവശ്യമാണെന്ന് എംവി ഗോവിന്ദൻ സ്വയം വിമർശനമായി കമ്മിറ്റിയിൽ പറഞ്ഞു. വീട്ടിൽനിന്നുപോലും താൻ വിമർശനം കേൾക്കാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കണ്ണാടിയിൽ നോക്കാറുണ്ടോ എന്ന് മകൻ ചോദിക്കുന്ന സന്ദർഭമുണ്ടായി. പത്രസമ്മേളനങ്ങൾ വീണ്ടും കണ്ടുനോക്കണം എന്ന് മകൻ പറഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാർത്താസമ്മേളനങ്ങളിലെ തന്റെ ശരീരഭാഷ ശരിയായില്ല. ഇനിമുതൽ കൂടുതൽ പക്വതയോടെ പെരുമാറുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.