ബോർഡ്, കോർപ്പറേഷൻ നിയമനങ്ങൾ: മുസ്ലിം ലീഗിൽ അതൃപ്തി പുകയുന്നു; പിഎംഎ സലാം ഉൾപ്പെടെയുള്ളവർക്ക് പുതിയ പദവികൾ

യുഡിഎഫ് സർക്കാരിൽ മുസ്ലിം ലീഗിന് അനുവദിച്ച 35-ലധികം ബോർഡുകളിലേക്കും കോർപ്പറേഷനുകളിലേക്കുമുള്ള നിയമനങ്ങൾ അന്തിമമാക്കുന്നതിനിടെ പാർട്ടിക്കുള്ളിൽ അതൃപ്തി രൂക്ഷമാകുന്നു. അർഹമായ പരിഗണന ലഭിച്ചില്ലെന്ന പരാതിയുമായി ഒരു വിഭാഗം നേതാക്കളും അനുയായികളും രംഗത്തെത്തിയതോടെയാണ് നിയമന നടപടികൾ വിവാദത്തിലായത്.

 

മലപ്പുറം: യുഡിഎഫ് സർക്കാരിൽ മുസ്ലിം ലീഗിന് അനുവദിച്ച 35-ലധികം ബോർഡുകളിലേക്കും കോർപ്പറേഷനുകളിലേക്കുമുള്ള നിയമനങ്ങൾ അന്തിമമാക്കുന്നതിനിടെ പാർട്ടിക്കുള്ളിൽ അതൃപ്തി രൂക്ഷമാകുന്നു. അർഹമായ പരിഗണന ലഭിച്ചില്ലെന്ന പരാതിയുമായി ഒരു വിഭാഗം നേതാക്കളും അനുയായികളും രംഗത്തെത്തിയതോടെയാണ് നിയമന നടപടികൾ വിവാദത്തിലായത്.

സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയത്തെ പ്രധാന പദവികളിലേക്ക് പരിഗണിക്കാത്തതിനെച്ചൊല്ലി സോഷ്യൽ മീഡിയയിൽ അനുയായികളുടെ പ്രതിഷേധം ശക്തമാണ്. നിയമസഭാ സീറ്റ് നിഷേധിച്ചതിന് പിന്നാലെ ബോർഡ്, കോർപ്പറേഷൻ അധ്യക്ഷ സ്ഥാനങ്ങളിലും അദ്ദേഹത്തെ തഴഞ്ഞെന്നാണ് വിമർശനം. എന്നാൽ, ഇത്തരം ചർച്ചകൾ പാർട്ടിക്ക് അവമതിപ്പുണ്ടാക്കുമെന്നും അനുയായികൾ ഇതിൽ നിന്നും വിട്ടുനിൽക്കണമെന്നും ഷാഫി ചാലിയം സോഷ്യൽ മീഡിയ കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

അതേസമയം, ഏറ്റവും പുതിയ നിയമന പട്ടികയിൽ സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം (സ്റ്റീൽ ഇൻഡസ്ട്രീസ് കേരള ലിമിറ്റഡ് - സിൽക്ക്), സംസ്ഥാന വൈസ് പ്രസിഡന്റുമാരായ സി ശ്യാംസുന്ദർ (കേരള സ്റ്റേറ്റ് മിനറൽ ഡെവലപ്മെന്റ് കോർപ്പറേഷൻ - കെഎംഡെൽ), ടിഎം സലീം (കേരള ഓട്ടോമൊബൈൽസ് - കെഎഎൽ), സിഎച്ച് റഷീദ്, വയനാട് ജില്ലാ ജനറൽ സെക്രട്ടറി ടി മുഹമ്മദ് (സിഡ്കോ) എന്നിവർ ഇടംപിടിച്ചു. തദ്ദേശ വകുപ്പിന് കീഴിലുള്ള റൂറൽ എംപ്ലോയ്മെന്റ് ആൻഡ് വെൽഫെയർ സൊസൈറ്റി ചെയർമാനായി വയനാട് ജില്ലാ ഭാരവാഹി യഹ്യാഖാൻ ബുധനാഴ്ച ചുമതലയേൽക്കും. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തുണ്ടായിരുന്ന ധാരണപ്രകാരമാണ് ഇത്തവണയും സ്ഥാനങ്ങൾ വീതംവെക്കുന്നത്. ശേഷിക്കുന്ന പദവികളിൽ യൂത്ത് ലീഗ്, വനിതാ ലീഗ് തുടങ്ങിയ പോഷക സംഘടനകളുടെ പ്രതിനിധികളെയും പരിഗണിക്കുമെന്നാണ് നേതൃത്വം നൽകുന്ന സൂചന.