തെക്കൻ തീരങ്ങളിൽ ‘കള്ളക്കടൽ’ സാധ്യത ; കനത്ത ജാഗ്രത നിർദേശം
സംസ്ഥാനത്തെ തെക്കൻ തീരങ്ങളിൽ ഇന്നും നാളെയും കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ തീരങ്ങളിൽ, പ്രത്യേകിച്ച് കാപ്പിൽ മുതൽ പൊഴിയൂർ വരെയുള്ള ഭാഗങ്ങളിൽ ഇന്ന് രാത്രി വരെ കടൽ അതിശക്തമായി പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ട്. ഏകദേശം 0.8 മുതൽ 1.0 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ അടിച്ചുകയറാൻ സാധ്യതയുള്ളതിനാൽ തീരദേശവാസികൾ അതീവ ജാഗ്രത പാലിക്കണം.
കൊല്ലം ജില്ലയിലെ ആലപ്പാട്ട് മുതൽ ഇടവ വരെയുള്ള തീരങ്ങളിൽ നാളെ രാത്രി 11.30 വരെയും, കന്യാകുമാരി തീരത്ത് ഇന്ന് രാത്രി 8.30 വരെയും ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. കന്യാകുമാരി തീരത്ത് തിരമാലകളുടെ ഉയരം 1.3 മീറ്റർ വരെയാകാൻ സാധ്യതയുള്ളതിനാൽ കടലാക്രമണ ഭീഷണി നിലനിൽക്കുന്നുണ്ട്.
കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ള സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണം. അപകട മേഖലകളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദ്ദേശാനുസരണം മാറിത്താമസിക്കാൻ തയ്യാറാകണം. ഈ സമയത്ത് ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നതും കരയ്ക്കടുപ്പിക്കുന്നതും ഒരുപോലെ അപകടകരമാണ്. തിരമാലകളുടെ ശക്തി കുറയുന്നതുവരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരവും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കേണ്ടതാണ്.