എൽപിജി സിലിണ്ടറുകളുടെ കരിഞ്ചന്തയും അനധികൃത സംഭരണവും ; സംസ്ഥാനവ്യാപകമായി പരിശോധന ശക്തമാക്കി പൊതുവിതരണ വകുപ്പ്
സംസ്ഥാനത്ത് എൽപിജി സിലിണ്ടറുകളുടെ കരിഞ്ചന്തയും അനധികൃത സംഭരണവും തടയുന്നതിനായി പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് പരിശോധന കർശനമാക്കി. ഗാർഹിക-വാണിജ്യ സിലിണ്ടറുകളുടെ ദുരുപയോഗം തടയുന്നതിന്റെ ഭാഗമായി വിവിധ ജില്ലകളിൽ നടത്തിയ റെയ്ഡുകളിൽ വൻതോതിൽ സിലിണ്ടറുകൾ പിടിച്ചെടുത്തു.
തിരുവനന്തപുരം: സംസ്ഥാനത്ത് എൽപിജി സിലിണ്ടറുകളുടെ കരിഞ്ചന്തയും അനധികൃത സംഭരണവും തടയുന്നതിനായി പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് പരിശോധന കർശനമാക്കി. ഗാർഹിക-വാണിജ്യ സിലിണ്ടറുകളുടെ ദുരുപയോഗം തടയുന്നതിന്റെ ഭാഗമായി വിവിധ ജില്ലകളിൽ നടത്തിയ റെയ്ഡുകളിൽ വൻതോതിൽ സിലിണ്ടറുകൾ പിടിച്ചെടുത്തു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട സ്പെഷ്യൽ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് സംയുക്തമായി നടത്തിയ പരിശോധനയിൽ 600-ലധികം അനധികൃത എൽപിജി സിലിണ്ടറുകൾ പിടിച്ചെടുത്തു. പൊതുമേഖലാ ഓയിൽ കമ്പനികളുടെ ഗാർഹിക, വാണിജ്യ, ചോട്ടു സിലിണ്ടറുകൾ ഇതിൽ ഉൾപ്പെടുന്നു. രണ്ട് ഹോട്ടലുകളിൽ നിന്നായി അനധികൃതമായി സൂക്ഷിച്ചിരുന്ന 5 ഗാർഹിക സിലിണ്ടറുകൾ സ്‌പെഷ്യൽ സ്‌ക്വാഡ് കണ്ടെടുത്തു. ഏപ്രിൽ 10-ന് രേഖകളില്ലാതെ കടത്തുകയായിരുന്ന 50 വാണിജ്യ സിലിണ്ടറുകൾ പോലീസ് തടയുകയും സിവിൽ സപ്ലൈസ് അധികൃതർ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
പിടിച്ചെടുത്ത സിലിണ്ടറുകൾ ഗ്യാസ് മാറ്റി നിറയ്ക്കുന്നതിനും നിയമവിരുദ്ധ വിതരണത്തിനുമായി ഉപയോഗിച്ചതാണെന്ന് സംശയിക്കുന്നു. 1955-ലെ അവശ്യസാധന നിയമപ്രകാരവും എൽപിജി വിതരണ നിയന്ത്രണ ഉത്തരവ് പ്രകാരവും കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എൽപിജി കരിഞ്ചന്തയ്‌ക്കെതിരെ കർശന നടപടികൾ തുടരുമെന്നും വരും ദിവസങ്ങളിൽ കേരളമൊട്ടാകെ പരിശോധനകൾ കൂടുതൽ ശക്തമാക്കുമെന്നും സ്പെഷ്യൽ ഓഫീസർ മുഹമ്മദ് ഷഫീഖ് അറിയിച്ചു.