ബിജെപി പ്രവര്‍ത്തകര്‍ വോട്ടിന് പണം നല്‍കിയെന്ന ആരോപണം;  മരുന്ന് വാങ്ങാനായി എല്ലാ പാർട്ടികളോടും  പൈസ ചോദിച്ചിരുന്നതായി വയോധിക

ആദ്യം പണം ലഭിച്ചെന്ന് വയോധിക പറഞ്ഞു. മരുന്ന് വാങ്ങാന്‍ മാസം 5000 രൂപ ചെലവ് വരും. എല്ലാ പാര്‍ട്ടികളോടും ചോദിച്ചിരുന്നുവെന്നും വയോധിക പറഞ്ഞു. എന്നാല്‍ ബിജെപി പ്രവര്‍ത്തക പണം നല്‍കിയോ എന്ന്  ആവര്‍ത്തിച്ച് ചോദിച്ചപ്പോള്‍ ഇല്ല എന്നായിരുന്നു  മറുപടി.

 

പാലക്കാട്:  ബിജെപി പ്രവര്‍ത്തകര്‍ വോട്ടിന് പണം നല്‍കിയെന്ന ആരോപണത്തില്‍ പ്രതികരിച്ച് വയോധിക. ആദ്യം പണം ലഭിച്ചെന്ന് വയോധിക പറഞ്ഞു. മരുന്ന് വാങ്ങാന്‍ മാസം 5000 രൂപ ചെലവ് വരും. എല്ലാ പാര്‍ട്ടികളോടും ചോദിച്ചിരുന്നുവെന്നും വയോധിക പറഞ്ഞു. എന്നാല്‍ ബിജെപി പ്രവര്‍ത്തക പണം നല്‍കിയോ എന്ന്  ആവര്‍ത്തിച്ച് ചോദിച്ചപ്പോള്‍ ഇല്ല എന്നായിരുന്നു  മറുപടി.

പണം നല്‍കിയില്ല, കൈ പിടിച്ചിട്ട് പോകുകയായിരുന്നു എന്നാണ് വയോധിക മാധ്യമങ്ങളോട് പറഞ്ഞത്. ബിജെപി പ്രവര്‍ത്തകര്‍ അമ്മയ്ക്ക് പണം നല്‍കിയിട്ടില്ലെന്നും, അമ്മയുടെ മടിയിലുണ്ടായിരുന്ന പണം എടുത്ത് കയ്യില്‍ നല്‍കി കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വീഡിയോ എടുക്കുകയായിരുന്നു എന്നാണ് മകന്‍ വിശദീകരിക്കുന്നത്. വിനീഷ് എന്നയാളാണ് വീഡിയോ ചിത്രീകരിച്ചതെന്നും വ്യക്തമാക്കി.

മാധ്യമങ്ങളിലൂടെ വിവരം അറിഞ്ഞ ഉടന്‍ തന്നെ തെരഞ്ഞെടുപ്പ് ഫ്‌ലയിങ് സ്‌ക്വാഡ് വയോധികയുടെ വീട്ടിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. പണം ആരും നല്‍കിയിട്ടില്ലെന്നും, കയ്യിലുണ്ടായിരുന്ന പണമാണ് വീഡിയോയില്‍ കാണിച്ചിട്ടുള്ളതെന്നാണ് വയോധിക പറഞ്ഞതെന്നും ഇലക്ഷന്‍ ഫ്‌ലയിങ് സ്‌ക്വാഡ് ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. സംഭവത്തില്‍ പൊലീസ് സ്‌പെഷല്‍ ബ്രാഞ്ചും വിവരങ്ങള്‍ ശേഖരിച്ച് റിപ്പോര്‍ട്ട് നല്‍കും. അതിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിക്കുമെന്നും ഇലക്ഷന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.