ബിജെപിക്ക് കിട്ടുക രണ്ടോ മൂന്നോ സീറ്റ്;  ബിജെപിക്ക് കാര്യമായ നേട്ടമുണ്ടാക്കാന്‍ സാധിക്കില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ശശി തരൂര്‍ 

കേരളത്തില്‍ ബിജെപി കിങ് മേക്കര്‍ ആകുമെന്ന അവകാശവാദം തള്ളിയ തരൂര്‍, നിയമസഭയില്‍ കാര്യമായ സ്വാധീനം ഉണ്ടാക്കാന്‍ കഴിയില്ലെന്നും പ്രതികരിച്ചു.

 

 

ന്യൂഡല്‍ഹി: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കാര്യമായ നേട്ടമുണ്ടാക്കാന്‍ സാധിക്കില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ശശി തരൂര്‍ എംപി. കേരളത്തില്‍ ബിജെപി കിങ് മേക്കര്‍ ആകുമെന്ന അവകാശവാദം തള്ളിയ തരൂര്‍, നിയമസഭയില്‍ കാര്യമായ സ്വാധീനം ഉണ്ടാക്കാന്‍ കഴിയില്ലെന്നും പ്രതികരിച്ചു.

കേരളത്തില്‍ രാഷ്ട്രീയ പോരാട്ടം നടക്കുന്നത് യുഡിഎഫും എല്‍ഡിഎഫും തമ്മിലാണ്. സംസ്ഥാനത്ത് ത്രികോണ മത്സരമില്ല. കേരള നിയമസഭയില്‍ സീറ്റില്ലാത്ത പാര്‍ട്ടിയാണ് ബിജെപി. അവര്‍ ഒന്നോ രണ്ടോ മൂന്നോ സീറ്റുകള്‍ നേടിയാല്‍ തന്നെ വലിയ കാര്യമാണ്. മികച്ച വിജയത്തില്‍ അവര്‍ക്ക് ആഹ്‌ളാദിക്കാനാവും. കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ബിജെപിയെ വിലകുറച്ച് കാണുന്നില്ലെന്നും തരൂര്‍ പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

നിയമസഭയില്‍ ഒരു സീറ്റ് നേടാന്‍ നിശ്ചിത ശതമാനം വോട്ടുകള്‍ ആവശ്യമാണ്. ഞാന്‍ രാഷ്ട്രീയത്തില്‍ എത്തിയ സമയത്ത് ആറ് ശതമാനത്തോളമായിരുന്നു ബിജെപിയുടെ വോട്ട്. ഇപ്പോഴത് 12-13 ശതമാനമായി. അതൊരു മോശം കണക്കല്ല. ലോക്സഭാ തെരഞ്ഞെടുപ്പില്‍, 19 ശതമാനം വോട്ടുകള്‍ വരെ നേടി. പക്ഷേ സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ ഏകദേശം 12-13 ശതമാനമായി കുറയുന്ന സാഹചര്യമുണ്ട്. കേരളത്തിലെ ഒരു സര്‍ക്കാരിന് ഭീഷണിയായോ കേരളത്തില്‍ ഭരണം നടത്താന്‍ സാധ്യതയുള്ള ഒരു പാര്‍ട്ടിയായോ കോണ്‍ഗ്രസ് ബിജെപിയെ കാണുന്നില്ലെന്നും തരൂര്‍ ചൂണ്ടിക്കാട്ടുന്നു.