വന്ദേമാതരം വിഷയം രാഷ്ട്രീയ വിവാദമാക്കി ബിജെപി; ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ അനാദരവ് കാണിച്ചെന്ന് അമിത് ഷായ്ക്ക് പരാതി നല്‍കും

കാസര്‍കോട് മുള്ളേരിയ കുടുംബാരോഗ്യ കേന്ദ്രത്തിലെ പരിപാടിക്കിടയിലാണ് വിവാദ സംഭവം.

 

മുള്ളേരിയ കുടുംബാംരോഗ്യ കേന്ദ്രത്തില്‍ ലാബിന്റെ ഉദ്ഘാടനത്തിലാണ് ആരോഗ്യമന്ത്രി കെ. മുരളീധരന്‍ പങ്കെടുത്തത്.

വന്ദേമാതരം ചൊല്ലുന്നതിനിടയ്ക്ക് ആരോഗ്യ മന്ത്രി അതൃപ്തി പ്രകടിപ്പിച്ച് സീറ്റില്‍ ഇരുന്നതിനെ രാഷ്ട്രീയ വിവാദമാക്കി ബിജെപി. ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ വന്ദേമാതരം ചൊല്ലിയപ്പോള്‍ അനാദരവ് കാണിച്ചെന്നാണ് വിമര്‍ശനം. അജണ്ടയില്‍ ഈശ്വര പ്രാര്‍ത്ഥന കാണിച്ച് ചൊല്ലിയത് വന്ദേമാതരമാണെന്ന പ്രതികരണവുമായി ജില്ലാ കളക്ടറും ആരോഗ്യമന്ത്രിയും രംഗത്തെത്തി. കാസര്‍കോട് മുള്ളേരിയ കുടുംബാരോഗ്യ കേന്ദ്രത്തിലെ പരിപാടിക്കിടയിലാണ് വിവാദ സംഭവം.

മുള്ളേരിയ കുടുംബാംരോഗ്യ കേന്ദ്രത്തില്‍ ലാബിന്റെ ഉദ്ഘാടനത്തിലാണ് ആരോഗ്യമന്ത്രി കെ. മുരളീധരന്‍ പങ്കെടുത്തത്. ഉദ്ഘാടന ചടങ്ങ് ആരംഭിക്കുമ്പോള്‍ തന്നെ വന്ദേമാതരം ചൊല്ലി. ആദ്യ രണ്ട് ശ്ലോകങ്ങള്‍ ചൊല്ലിയപ്പോള്‍ വേദിയിലുള്ള എല്ലാവരും എഴുന്നേറ്റുനിന്നു. വന്ദേമാതരം പൂര്‍ണമായി ചൊല്ലുകയാണെന്ന് മനസ്സിലായപ്പോള്‍ ആരോഗ്യമന്ത്രി വേദിയില്‍ വച്ച് തന്നെ അതൃപ്തി പ്രകടമാക്കി. ജില്ലാ കളക്ടര്‍ ശ്രീധന്യാ സുരേഷിനോടും, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി യോടും അതൃപ്തി പറഞ്ഞശേഷം ചൊല്ലുന്നതിനിടയ്ക്ക് തന്നെ ഇരിപ്പിടത്തില്‍ ഇരുന്നു. എന്നാല്‍ ഡിസിസി അധ്യക്ഷന്‍ ഫൈസലും, നീലകണ്ഠന്‍ എംഎല്‍എയും വന്ദേമാതരം ചൊല്ലി തീരുന്നതുവരെ എഴുന്നേറ്റുനിന്നു. സര്‍ക്കാര്‍ ചട്ടത്തിന് വിരുദ്ധമായാണ് കാര്യങ്ങള്‍ നടന്നതെന്ന് കെ മുരളീധരന്‍ പ്രതികരിച്ചു.

ബിജെപി വിഷയത്തെ രാഷ്ട്രീയ ആയുധമാക്കുകയാണ്. വന്ദേമാതരത്തോട് അനാദരവ് കാണിച്ചെന്നും നിയമം നടപ്പിലാക്കേണ്ടവര്‍ തന്നെയാണ് ലംഘിച്ചതെന്നം ബിജെപി ആരോപിച്ചു. ആരോഗ്യമന്ത്രിക്കും മറ്റു നേതാക്കള്‍ക്കും രാഷ്ട്രീയമുണ്ടാകും. എന്നാല്‍ ജില്ലാ കളക്ടറില്‍ നിന്നുള്ള രീതി ശരിയായില്ലെന്നും ബിജെപി നേതാക്കള്‍. അതേ സമയം, ബിജെപിയുടെ രാഷ്ട്രീയ ആരോപണങ്ങളെ ജില്ലാ കളക്ടര്‍ ശ്രീധന്യ സുരേഷ് തള്ളി. അജണ്ടയിലുണ്ടായിരുന്നതും ,അനൗണ്‍സ് ചെയ്തതും ഈശ്വര പ്രാര്‍ത്ഥനയായിരുന്നു. എന്നിട്ട് വന്ദേമാതരം ചൊല്ലുന്നത് തെറ്റായ രീതിയാണ്. സര്‍ക്കാരിന്റെ പ്രോട്ടോകോള്‍ പ്രകാരം വന്ദേമാതരം മുഴുവന്‍ ചൊല്ലുന്നത് ശരിയല്ലെന്ന് പറഞ്ഞത് ആരോഗ്യമന്ത്രിയാണെന്നും പ്രതികരണം. അതേസമയം, ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ഗവര്‍ണര്‍ക്കും ചീഫ് സെക്രട്ടറിക്കും പരാതി നല്‍കാനിരിക്കുകയാണ് ബിജെപി.