പുറത്താക്കലിന് പിന്നിൽ ഗൂഢാലോചന ; രാഹുലിനെതിരെ പരാതിയുമായി പോകരുതെന്ന്  ബിജെപി നേതൃത്വം  ആവശ്യപ്പെട്ടു: അതിജീവിതയുടെ ഭർത്താവ്

ബിജെപിയില്‍ നിന്ന് തന്നെ പുറത്താക്കിയതിന് പിന്നില്‍ ഗൂഢാലോചനയെന്ന് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ അതിജീവിതയുടെ ഭര്‍ത്താവ്. രാഹുലിനെതിരെ പരാതിയുമായി മുന്നോട്ട് പോകരുതെന്ന് ബിജെപി നേതൃത്വം ആവശ്യപ്പെട്ടെന്നും പറ്റില്ലെന്ന് നേതൃത്വത്തെ അറിയിച്ചതായും യുവാവ് വ്യക്തമാക്കി.
 

പാലക്കാട്: ബിജെപിയില്‍ നിന്ന് തന്നെ പുറത്താക്കിയതിന് പിന്നില്‍ ഗൂഢാലോചനയെന്ന് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ അതിജീവിതയുടെ ഭര്‍ത്താവ്. രാഹുലിനെതിരെ പരാതിയുമായി മുന്നോട്ട് പോകരുതെന്ന് ബിജെപി നേതൃത്വം ആവശ്യപ്പെട്ടെന്നും പറ്റില്ലെന്ന് നേതൃത്വത്തെ അറിയിച്ചതായും യുവാവ് വ്യക്തമാക്കി. തദ്ദേശ തെരഞ്ഞെടുപ്പില്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിച്ചില്ലെന്ന് പറഞ്ഞാണ് തന്നെ പുറത്താക്കിയത്. വിശദീകരണം പോലും കേള്‍ക്കാതെയാണ് നടപടി. 

തന്റെ കുടുംബം തകര്‍ത്ത രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് അതിജീവിതയുടെ ഭര്‍ത്താവ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിരുന്നു. താന്‍ നല്‍കിയ പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ ചോദ്യം ചെയ്യാന്‍ പൊലീസ് തയ്യാറാകുന്നില്ലെന്നും കുടുംബപ്രശ്‌നങ്ങളില്‍ ഇടപെടാനെന്ന് പറഞ്ഞ് എത്തിയ രാഹുല്‍ തന്റെ കുടുംബജീവിതം തകര്‍ത്തുവെന്നുമായിരുന്നു ആരോപണം.

ഇന്നലെയാണ് യുവമോര്‍ച്ച ഭാരവാഹിത്വത്തില്‍ നിന്നും ഒഴിവാക്കിയതായി പാലക്കാട് വെസ്റ്റ് ജില്ലാ പ്രസിഡന്റ് വേണുഗോപാല്‍ ഇയാളെ അറിയിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പരാതിയെത്തുടര്‍ന്നാണ് നടപടിയെന്നും മറ്റുകാരണങ്ങളില്ലെന്നും നേതൃത്വം അറിയിച്ചിരുന്നു. പഞ്ചായത്തിലെ വാര്‍ഡില്‍ ബിജെപി മൂന്ന് വോട്ടിനായിരുന്നു പരാജയപ്പെട്ടത്. ഇതിന് കാരണം അതിജീവിതയുടെ ഭര്‍ത്താവാണെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു.വിഷയം ബിജെപി സംസ്ഥാന നേതൃത്വത്തെ അറിയിക്കുമെന്നും അതിജീവിതയുടെ ഭര്‍ത്താവ് പറഞ്ഞു.