തിരുവനന്തപുരത്തെ ബിജെപി കൗണ്‍സിലര്‍മാര്‍ക്ക് പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് ക്ഷണം; ഫെബ്രുവരി 9 ന് പുറപ്പെടും
കോര്‍പ്പറേഷനില്‍ അധികാരം പിടിച്ച ബിജെപി കൗണ്‍സിലര്‍മാർക്ക് പ്രധാനമന്ത്രിയുടെ ഓഫീസിൽ പ്രത്യേക സ്വീകരണം നൽകും.
തിരുവനന്തപുരം: കോര്‍പ്പറേഷനില്‍ അധികാരം പിടിച്ച ബിജെപി കൗണ്‍സിലര്‍മാർക്ക് പ്രധാനമന്ത്രിയുടെ ഓഫീസിൽ പ്രത്യേക സ്വീകരണം നൽകും. ബിജെപി കേന്ദ്ര നേതൃത്വം സംഘടിപ്പിക്കുന്ന പ്രത്യേക പരിപാടിയില്‍ പങ്കെടുക്കാന്‍ മേയര്‍ വി വി രാജേഷിന്റെ നേതൃത്വത്തിലുള്ള ബിജെപി കൗണ്‍സിലര്‍മാര്‍ക്ക് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഔദ്യോഗിക ക്ഷണം ലഭിച്ചു.മേയറുടെ നേതൃത്വത്തില്‍ കൗണ്‍സിലര്‍മാര്‍ ഫെബ്രുവരി 9 ന് കേരള എക്‌സ്പ്രസില്‍ ന്യൂഡല്‍ഹിയിലേക്ക് പോകുമെന്നാണ് സൂചന.
നാലു പതിറ്റാണ്ടിലേറെ നീണ്ട ഇടതുപക്ഷ കുത്തക തകര്‍ത്താണ് ഇക്കുറി ബിജെപി അധികാരം പിടിച്ചെടുത്തത്. കേരളത്തിലെ വിജയം ദേശീയതലത്തില്‍ ആഘോഷിക്കാനാണ് ബിജെപി തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരുക്കുന്ന അത്താഴ വിരുന്നില്‍ പങ്കെടുക്കല്‍, ദേശീയ പ്രാധാന്യമുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കല്‍ തുടങ്ങിയവ പരിപാടിയില്‍ ഉള്‍പ്പെടുന്നുണ്ട്.ഫെബ്രുവരി 13 നാണ് അത്താഴവിരുന്ന്. അന്നു രാത്രി തന്നെ കൗണ്‍സിലര്‍മാര്‍ തിരിച്ച് പുറപ്പെടും.