ബിജെപി കൗണ്‍സിലറുടെ അറസ്റ്റ്: പൊലീസുകാരെ ആക്രമിച്ചതിലും സുഗതനെതിരെ കേസ്

സുഗതന്‍ ഒളിവിലായിരുന്നില്ലെന്നും ചിക്കന്‍പോക്സ് ചികിത്സയിലായിരുന്നുവെന്നും മാധ്യമങ്ങളോട് സംസാരിക്കവെ അശ്വതി പറഞ്ഞു.

 

പൊലീസിനെതിരെ ആരോപണങ്ങളുമായി സുഗതന്റെ ഭാര്യ അശ്വതി രംഗത്തെത്തി.

 അറസ്റ്റിലായ ബിജെപി കൗണ്‍സിലര്‍ സുഗതനെതിരെ ഒരു കേസ് കൂടിയെടുത്ത് പൊലീസ്. പൊലീസുകാരെ ആക്രമിച്ചതിനാണ് കേസ്. തിരുവനന്തപുരം കോര്‍പറേഷന്‍ വാഴോട്ടുകോണം വാര്‍ഡ് കൗണ്‍സിലറാണ് സുഗതന്‍. ഇതിനിടെ പൊലീസിനെതിരെ ആരോപണങ്ങളുമായി സുഗതന്റെ ഭാര്യ അശ്വതി രംഗത്തെത്തി. സുഗതനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് വീട്ടിലെത്തിയപ്പോള്‍ തന്നെ മര്‍ദ്ദിച്ചു എന്നതടക്കമുള്ള ആരോപണങ്ങളാണ് ഇവര്‍ ഉന്നയിക്കുന്നത്.

സുഗതന്‍ ഒളിവിലായിരുന്നില്ലെന്നും ചിക്കന്‍പോക്സ് ചികിത്സയിലായിരുന്നുവെന്നും മാധ്യമങ്ങളോട് സംസാരിക്കവെ അശ്വതി പറഞ്ഞു. ഇന്നലെ രാത്രി 9 മണിയോടെയാണ് പൊലീസ് വീട്ടിലെത്തിയതെന്നും ഒരു വനിതാ പൊലീസ് പോലും കൂടെ ഉണ്ടായിരുന്നില്ലെന്നും സുഗതന്റെ ഭാര്യ പ്രതികരിച്ചു.

പൊലീസ് തന്റെ മുഖത്തടിക്കുകയും നടുവില്‍ ചവിട്ടുകയും ചെയ്തു. താലിമാല പൊട്ടിച്ചെടുത്തു. കുട്ടികളെ ഭയപ്പെടുത്തുന്ന രീതിയില്‍ വെടിവെച്ചു. എട്ട് വയസുള്ള കുഞ്ഞ് കരഞ്ഞപ്പോള്‍ കുഞ്ഞിനെ പിടിച്ചുതള്ളി. ജനപ്രതിനിധി എന്ന ബഹുമാനം കൊടുക്കാതെയാണ് സുഗതനെ പിടിച്ചുകൊണ്ടുപോയതെന്നും അശ്വതി പറഞ്ഞു. സുഗതന്റെ അനുയായികള്‍ പൊലീസിനെ ആക്രമിച്ചില്ലേ എന്ന ചോദ്യത്തിന് ഇത് പൊലീസ് പറയുന്നതാണ് എന്നായിരുന്നു ഇവരുടെ മറുപടി. ഇന്നലെ രാത്രിയാണ് കാപ്പാ കേസ് പ്രതിയായ സുഗതനെ വീട്ടിലെത്തി പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം കോര്‍പറേഷന്‍ വാഴോട്ടുകോണം വാര്‍ഡ് കൗണ്‍സിലറാണ് സുഗതന്‍.