ബിസ്മീറിൻറെ മരണം ഹൃദയാഘാതം മൂലം ; പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്
വിളപ്പിൽശാല ഗവ. ആശുപത്രിയിൽ വിളപ്പിൽ കാവിൻപുറം കൊല്ലംകോണം ഞാറത്തല കട്ടയ്ക്കാൽ ഇസിയ മൻസിലിൽ ബിസ്മീർ (37) മരിച്ച സംഭവത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. മരണം ഹൃദയാഘാതം മൂലമെന്നാണ്
തിരുവനന്തപുരം: വിളപ്പിൽശാല ഗവ. ആശുപത്രിയിൽ വിളപ്പിൽ കാവിൻപുറം കൊല്ലംകോണം ഞാറത്തല കട്ടയ്ക്കാൽ ഇസിയ മൻസിലിൽ ബിസ്മീർ (37) മരിച്ച സംഭവത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. മരണം ഹൃദയാഘാതം മൂലമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ശ്വാസനാളത്തിൽ ഭക്ഷണ അവശിഷ്ടങ്ങൾ കയറിയത് കഠിനമായ ശ്വാസ തടസ്സത്തിന് കാരണമായെന്നും ശരീരം നീല നിറമായത് ഓക്‌സിജൻ കുറഞ്ഞതിന്റെ ലക്ഷണമാണെന്നും പറയുന്നു.
ബിസ്മീർ മരിച്ചത് ചികിത്സ ലഭിക്കാത്തതുകൊണ്ടാണെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം. എന്നാൽ, ചികിത്സാപ്പിഴവുണ്ടായെന്നും ചികിത്സ വൈകിയെന്നുമുള്ള ആരോപണം മെഡിക്കൽ ഓഫീസർ നിഷേധിച്ചിരുന്നു. 19 -ാം തീയതി പുലർച്ചെ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ച ബിസ്മിറിന് ഓക്സിജൻ വെൻറിലേഷനും നെബുലൈസേഷനും ഇഞ്ചക്ഷനും നൽകിയെന്നാണ് ഡോക്ടർ പറയുന്നത്.
ശ്വാസംമുട്ടലും അസ്വസ്ഥതയും ഉണ്ടായതിനെ തുടർന്നാണ് ബിസ്മീറിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആശുപത്രിയുടെ ഗേറ്റ് പൂട്ടിയ നിലയിലായിരുന്നെന്നും നിരവധി തവണ ബെല്ലടിച്ചപ്പോഴാണ് ജീവനക്കാർ എത്തിയതെന്നും ബന്ധുക്കൾ പറയുന്നു. ബിസ്മീറിന്റെ ഭാര്യ ജാസ്മിൻ ബഹളം വെച്ചപ്പോഴാണ് ജീവനക്കാർ പുറത്തേക്ക് വന്നത്. ഇതിൻറെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
ജീവനക്കാർ പുറത്തേക്ക് വന്നപ്പോഴേക്കും യുവാവിന്റെ ആരോഗ്യസ്ഥിതി മോശമായെന്നും ഓക്‌സിജൻ നൽകാൻ താൻ ആവശ്യപ്പെട്ടെന്നും ജാസ്മിൻ പറയുന്നു. മരുന്നില്ലാതെ ആവി നൽകിയെന്നും ഓക്‌സിജൻ നൽകിയപ്പോൾ ബോധം നഷ്ടപ്പെട്ടെന്നും തുടർന്ന് ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചെന്നും കാണിച്ച് ജാസ്മിൻ ജില്ല മെഡിക്കൽ ഓഫിസർക്ക് പരാതി നൽകി. ഇതോടെ സംഭവത്തിൽ വിളപ്പിൽശാല സർക്കാർ ആശുപത്രി അധികൃതരോട് ആരോഗ്യവകുപ്പ് അടിയന്തരമായി റിപ്പോർട്ട് തേടിയിരുന്നു.