ബയോ കാരിബാഗുകളിലും വ്യാജൻ; വിപണിയിലെത്തുന്നത് പ്ലാസ്റ്റിക് ബാഗുകൾ

ബയോ കാരിബാഗുകളെന്ന (ബയോ കമ്പോസ്റ്റബിള്‍ ബാഗ്) പേരില്‍ വിപണിയിലെത്തുന്നതില്‍ പലതും പ്ലാസ്റ്റിക് കവറുകള്‍. പല കച്ചവടക്കാരും ഇതറിയാതെയാണ് കിലോക്കണക്കിന് കവര്‍വാങ്ങി ശേഖരിക്കുന്നത്.
 
Fake bio-carry bags too; plastic bags entering the market

പാലക്കാട്: ബയോ കാരിബാഗുകളെന്ന (ബയോ കമ്പോസ്റ്റബിള്‍ ബാഗ്) പേരില്‍ വിപണിയിലെത്തുന്നതില്‍ പലതും പ്ലാസ്റ്റിക് കവറുകള്‍. പല കച്ചവടക്കാരും ഇതറിയാതെയാണ് കിലോക്കണക്കിന് കവര്‍വാങ്ങി ശേഖരിക്കുന്നത്. കമ്പോസ്റ്റബിള്‍ കാരി ബാഗുകളെപ്പോലെതന്നെ തോന്നിക്കുന്ന ഇവ ഒറ്റനോട്ടത്തില്‍ തിരിച്ചറിയാനും എളുപ്പമല്ല.

ചോളത്തിന്റെ സ്റ്റാര്‍ച്ചില്‍നിന്നാണ് കമ്പോസ്റ്റബിള്‍ കവറുകള്‍ നിര്‍മിക്കുന്നത്. അസംസ്‌കൃത വസ്തുക്കള്‍ കേരളത്തിന് പുറത്തുനിന്നെത്തിച്ചാണ് നിര്‍മാണം. പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാക്കാത്ത ഇത്തരം ബാഗിന് ഒരുകിലോയ്ക്ക് 150 രൂപയാണ് ഈടാക്കുന്നത്. വെള്ളക്കവറില്‍ പച്ച എഴുത്തോടുകൂടിയാണ് ബയോ കാരി ബാഗുകള്‍ പുറത്തിറങ്ങുന്നത്. 'ഐ ആം നോട്ട് പ്ലാസ്റ്റിക്' എന്ന അടിക്കുറിപ്പും എവിടെ, എപ്പോഴാണ് നിര്‍മിച്ചത്, ആരുടെ അംഗീകാരമാണുള്ളത് എന്നുതുടങ്ങുന്ന വിവരങ്ങളും കവറിനുപുറത്തുണ്ടാകും. ഇതിനോടൊപ്പമാണ് ക്യു ആര്‍ കോഡും നല്‍കിയിരിക്കുന്നത്. വ്യാജ കവറുകളും ഇതേനിറത്തിലും എഴുത്തിലുംതന്നെയാണ് പുറത്തിറങ്ങുന്നത്. കിലോയ്ക്ക് 30-40 രൂപവരെ വിലക്കുറവുണ്ട്. ഭാരത്തില്‍ വ്യത്യാസമുണ്ടെങ്കിലും പെട്ടെന്ന് തിരിച്ചറിയുകയുമില്ല.

കച്ചവടസ്ഥാപനങ്ങളില്‍ പ്ലാസ്റ്റിക് ഉപയോഗം കണ്ടെത്താനുള്ള പരിശോധനയില്‍ ഇത്തരം കവറുകള്‍ പിടികൂടിയ സംഭവങ്ങളുണ്ടായിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. നേരത്തേ മറ്റ് സംസ്ഥാനങ്ങളില്‍നിന്നാണ് ബയോകവറുകള്‍ എത്തിയിരുന്നത്. ഇപ്പോള്‍ പാലക്കാട് ജില്ലയില്‍ മുണ്ടൂരും കഞ്ചിക്കോട്ടും കവര്‍നിര്‍മിക്കുന്ന സ്ഥാപനങ്ങളുണ്ട്.

കവറുകള്‍ പരിശോധനാ ലാബുകളിലെത്തിച്ച് ഡൈക്ലോറോ മീഥേന്‍ ലായനിയില്‍ മുക്കിയാല്‍ വ്യാജനെ തിരിച്ചറിയാം. കവര്‍ പൊടിഞ്ഞുപോകുന്നുണ്ടെങ്കില്‍ കമ്പോസ്റ്റബിള്‍ ബാഗാണ്. പ്ലാസ്റ്റിക്കിന് മാറ്റങ്ങളൊന്നും സംഭവിക്കില്ല.