വീട്ടമ്മയെ പീഡിപ്പിച്ച് വിഡിയോ പകർത്തിയ വ്ലോഗർ ബിനീഷ് ബെന്നി അറസ്റ്റിൽ
വീട്ടമ്മയെ പീഡിപ്പിച്ച് വിഡിയോ പകർത്തിയ സംഭവത്തിൽ വ്ലോഗർ അറസ്റ്റിൽ. വീട്ടമ്മയുടെ പരാതിയെ തുടർന്ന് മാരാംകോട് സ്വദേശി പടിഞ്ഞാക്കര ബിനീഷ് ബെന്നി (32) ആണ് വെള്ളിക്കുളങ്ങര
ചാലക്കുടി : വീട്ടമ്മയെ പീഡിപ്പിച്ച് വിഡിയോ പകർത്തിയ സംഭവത്തിൽ വ്ലോഗർ അറസ്റ്റിൽ. വീട്ടമ്മയുടെ പരാതിയെ തുടർന്ന് മാരാംകോട് സ്വദേശി പടിഞ്ഞാക്കര ബിനീഷ് ബെന്നി (32) ആണ് വെള്ളിക്കുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിനിടെ, കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാനും ഇയാൾ ശ്രമം നടത്തി.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ:- അഞ്ച് മാസം മുൻപ് പ്രതിയുടെ വീട്ടിലെത്തിയ യുവതിയെ മുറിക്കുള്ളിൽ അടച്ചിട്ട് പീഡിപ്പിക്കുകയും വിഡിയോ പകർത്തുകയും ചെയ്തു. ഈ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും പീഡനത്തിനു ശ്രമിച്ചു. പിന്നാലെ യുവതി ഭർത്താവിനെ വിവരം അറിയിച്ച് പൊലീസിൽ പരാതി നൽകി. ഇതറിഞ്ഞ ബിനീഷ് രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്.
ചാലക്കുടി മജിസ്ട്രേട്ട് അവധിയിൽ ആയിരുന്നതിനാൽ കൊടുങ്ങല്ലൂരിൽ ഹാജരാക്കുന്നതിനു കൊണ്ടുപോയ പ്രതി ഇടയ്ക്ക് വച്ച് പൊലീസിനെ ആക്രമിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. 2022 ൽ നിലമ്പൂരിൽ സ്ത്രീ പീഡനത്തിനും 2017 ൽ വീസ തട്ടിപ്പുമായി ബന്ധപ്പെട്ട് അതിരപ്പിള്ളി പൊലീസ് സ്റ്റേഷനിലും ബിനീഷിന്റെ പേരിൽ കേസെടുത്തിട്ടുണ്ട്.