കൊച്ചിയില്‍ എംവിഡി എന്‍ഫോഴ്സ്‌മെന്റിന്റെ രാത്രി പരിശോധനയില്‍ ബൈക്ക് അഭ്യാസികള്‍ കുടുങ്ങി; 2.2 ലക്ഷം പിഴയിട്ടു

വരും ദിവസങ്ങളിലും പരിശോധന ശക്തമായി തുടരുമെന്ന് എറണാകുളം എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ ബിജു ഐസക് അറിയിച്ചു.

 

നിയമലംഘനം നടത്തിയ വാഹന ഉടമകള്‍ക്കെതിരെ ഇ-ചെലാന്‍ വഴി ആകെ 2,20,500 രൂപ പിഴ ചുമത്തി.

നഗരത്തിലും പരിസര പ്രദേശങ്ങളിലും രാത്രികാലങ്ങളില്‍ ശബ്ദ മലിനീകരണവും ജനങ്ങളില്‍ ഭീതിയും സൃഷ്ടിക്കുന്ന ബൈക്ക് അഭ്യാസികള്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് (എംവിഡി) ശക്തമായ നടപടി സ്വീകരിച്ചു. ആര്‍ടിഒ എന്‍ഫോഴ്സ്മെന്റിന്റെ രാത്രികാല മിന്നല്‍ പരിശോധനയില്‍ നിരവധി വാഹനങ്ങള്‍ പിടിച്ചെടുക്കുകയും 2.20 ലക്ഷം രൂപയിലേറെ പിഴ ചുമത്തുകയും ചെയ്തു.

അഞ്ച് സ്‌ക്വാഡുകളായി തിരിഞ്ഞ് ജൂലായ് 31ന് രാത്രി ആരംഭിച്ച പരിശോധന പുലര്‍ച്ചെ അഞ്ച് മണി വരെ നീണ്ടു. കലൂര്‍ സ്റ്റേഡിയം ലിങ്ക് റോഡ്, ചാത്യാത്ത്, ക്വീന്‍സ് വാക്ക്, മറൈന്‍ ഡ്രൈവ്, കടവന്ത്ര, പനമ്പിള്ളി നഗര്‍ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലായിരുന്നു പരിശോധന. പരിശോധിച്ച 80ഓളം വാഹനങ്ങളില്‍ 35 എണ്ണത്തില്‍ രൂപമാറ്റം വരുത്തിയ സൈലന്‍സറുകള്‍ കണ്ടെത്തി. കൂടാതെ 20 വാഹനങ്ങളില്‍ മറ്റ് ഗുരുതര നിയമലംഘനങ്ങളും കണ്ടെത്തിയതായി എന്‍ഫോഴ്സ്മെന്റ് വിഭാഗം അറിയിച്ചു.

നിയമലംഘനം നടത്തിയ വാഹന ഉടമകള്‍ക്കെതിരെ ഇ-ചെലാന്‍ വഴി ആകെ 2,20,500 രൂപ പിഴ ചുമത്തി. വരും ദിവസങ്ങളിലും പരിശോധന ശക്തമായി തുടരുമെന്ന് എറണാകുളം എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ ബിജു ഐസക് അറിയിച്ചു.