'കൊച്ചിയില്‍ ബീഫ് വില്‍ക്കുന്നു' മോദിയെയും യോഗിയെയും ടാഗ് ചെയ്ത് ഉത്തരേന്ത്യന്‍ സ്വദേശിയുടെ പരാതി; ട്രോളി മലയാളികള്‍
'കേരളത്തിലെ കൊച്ചിയില്‍ കണ്ട കാഴ്ച എന്നെ വല്ലാതെ വേദനിപ്പിച്ചു. ഒരു പ്രാദേശിക വഴിയോര ഭക്ഷണശാലയില്‍ യാതൊരു മടിയുമില്ലാതെ പരസ്യമായി ബീഫ് വില്‍ക്കുന്നതിന്റെ ചിത്രമാണിത്.
ഉത്തരേന്ത്യന്‍ സ്വദേശിയായ സഞ്ജയ് ശര്‍മയാണ് കൊച്ചിയിലെ വഴിയോര ഭക്ഷണശാലയില്‍ ബീഫ് വില്‍ക്കുന്നതിനെതിരെ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയത്.
കൊച്ചിയിലെ എസ്.ആര്. ടീ ഷോപ്പില്‍ പരസ്യമായി ബീഫ് വില്‍ക്കുന്നുവെന്ന യുവാവിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിന് പിന്നാലെ കമന്റ് ബോക്സില്‍ നിറഞ്ഞത് മലയാളികളുടെ ബീഫ് റെസിപ്പികള്‍. 'ഇത് ഉത്തര്‍പ്രദേശല്ല, കേരളമാണ്', 'മലയാളികള്‍ക്ക് ഇഷ്ടമുള്ളത് കഴിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്' തുടങ്ങിയ പ്രതികരണങ്ങള്‍ക്കൊപ്പം വ്യത്യസ്തമായ ബീഫ് വിഭവങ്ങളുടെ റെസിപ്പികളും പങ്കുവെച്ചാണ് മലയാളികള്‍ പോസ്റ്റിനോട് പ്രതികരിക്കുന്നത്. ആയിരക്കണക്കിന് കമന്റുകളാണ് യുവാവിന്റെ പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെട്ടത്.
ഉത്തരേന്ത്യന്‍ സ്വദേശിയായ സഞ്ജയ് ശര്‍മയാണ് കൊച്ചിയിലെ വഴിയോര ഭക്ഷണശാലയില്‍ ബീഫ് വില്‍ക്കുന്നതിനെതിരെ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും വിഷയത്തില്‍ ഇടപെട്ട് രാജ്യവ്യാപകമായി നടപടി സ്വീകരിക്കണമെന്നാണ് യുവാവിന്റെ ആവശ്യം.
'കേരളത്തിലെ കൊച്ചിയില്‍ കണ്ട കാഴ്ച എന്നെ വല്ലാതെ വേദനിപ്പിച്ചു. ഒരു പ്രാദേശിക വഴിയോര ഭക്ഷണശാലയില്‍ യാതൊരു മടിയുമില്ലാതെ പരസ്യമായി ബീഫ് വില്‍ക്കുന്നതിന്റെ ചിത്രമാണിത്. ഹൈന്ദവ പാരമ്പര്യത്തിലും ഗോമാതാവിനോടുള്ള ആദരവിലും ആഴത്തില്‍ വേരൂന്നിയ ഒരു രാജ്യത്ത്, നമ്മുടെ തെരുവുകളില്‍ ഇത്തരമൊരു കാഴ്ച കാണേണ്ടി വരുന്നത് അങ്ങേയറ്റം വേദനാജനകമാണ്. നമ്മുടെ പവിത്രമായ മൂല്യങ്ങളെ മാനിക്കുന്ന തരത്തിലുള്ള രാജ്യവ്യാപകമായ നിയമനിര്‍മാണങ്ങള്‍ കൊണ്ടുവരാന്‍ ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയും യോഗി ആദിത്യനാഥും ഈ വിഷയം ശ്രദ്ധിക്കണമെന്ന് ഞാന്‍ ആത്മാര്‍ഥമായി അഭ്യര്‍ത്ഥിക്കുന്നു. നമ്മുടെ വിശ്വാസങ്ങളെയും പാരമ്പര്യങ്ങളെയും സംരക്ഷിക്കുന്നതിനായി എല്ലാ സംസ്ഥാനങ്ങളിലും ഏകീകൃതമായ ഒരു സമീപനം അനിവാര്യമാണ്' എന്ന കുറിപ്പോടെയാണ് iamsharmasanjay എന്ന വ്ലോഗര്‍ ഇന്‍സ്റ്റയില്‍ യുവാവ് വീഡിയോ പങ്കുവച്ചത്. ഒപ്പം ഹോട്ടലിന്റെ ഫോട്ടോയും മെനു പ്രദര്‍ശിപ്പിച്ചിരിക്കുന്ന ബോര്‍ഡിന്റെയും ഫോട്ടോ ഇയാള്‍ പോസ്റ്റ് ചെയുതു.
ബീഫ് ഫ്രൈ, ബീഫ് റോസ്റ്റ്, ബീഫ് സ്റ്റ്യൂ, ബീഫ് കുറുമ, ചില്ലി ബീഫ്, കപ്പ ബിരിയാണി തുടങ്ങി കേരളത്തിലെ തനത് ബീഫ് വിഭവങ്ങളുടെ നീണ്ട പട്ടികയാണ് മലയാളികള്‍ കമന്റ് ബോക്സില്‍ പങ്കുവെച്ചത്. 'മോദിയുടെ നേതൃത്വത്തില്‍ ലോകത്തിലെ ഏറ്റവും വലിയ ബീഫ് കയറ്റുമതി രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്നും ഇതില്‍ വലിയൊരു പങ്ക് യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ നിന്നാണെന്നും നിങ്ങള്‍ അറിയണം' എന്നായിരുന്നു മറ്റൊരാളുടെ പരിഹാസ കമന്റ്.
'ലേശം മൊരിഞ്ഞ ബീഫും പൊറോട്ടയും എടുത്താലോ?' എന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. 'ബീഫിന്റെ ഏറ്റവും വലിയ കയറ്റുമതിക്കാര്‍ യോഗിയുടെ ഉത്തര്‍പ്രദേശാണ്. 'അമ്മ'യെ കയറ്റുമതി ചെയ്യാന്‍ നാണമില്ലേ? എന്ന പരിഹാസ ചോദ്യവും കമന്റ് സെക്ഷനില്‍ ഉയര്‍ന്നു.
കഴിഞ്ഞ ഒക്ടോബറില്‍ ഫോര്‍ട്ട് കൊച്ചിയിലെ കാശി ആര്‍ട്ട് കഫേയില്‍ ബീഫ് വിളമ്പുന്നതിനെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയ വ്ലോഗര്‍ അമൃത് സിങ് ഡാരനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിന്റെ ചൂടാറും മുന്‍പാണ് കൊച്ചിയിലെ ബീഫ് വില്‍പ്പന ചൂണ്ടിക്കാട്ടി സഞ്ജയ് ശര്‍മയുടെ പോസ്റ്റും ചര്‍ച്ചയാകുന്നത്.