ഓണത്തിരക്കിൽ ജാഗ്രതൈ ..! മാല പൊട്ടിക്കൽ സംഘം സജീവം; മുന്നറിയിപ്പ് നൽകി വയനാട് പൊലീസ്
ഓണത്തിരക്കിൽ മാല പൊട്ടിക്കൽ സംഘത്തിനെതിരെ മുന്നറിയിപ്പ് നൽകി വയനാട് പോലീസ്. സ്ത്രീകളെയും വയോധികരെയും ലക്ഷ്യമിട്ട് മാലപൊട്ടിക്കൽ ഉൾപ്പെടെ കവർച്ചകൾ നടത്തുന്ന സംഘം ജില്ലയിൽ സജീവമാണെന്നും പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും വയനാട് പൊലീസ് അറിയിച്ചു.
കൽപ്പറ്റ: ഓണത്തിരക്കിൽ മാല പൊട്ടിക്കൽ സംഘത്തിനെതിരെ മുന്നറിയിപ്പ് നൽകി വയനാട് പോലീസ്. സ്ത്രീകളെയും വയോധികരെയും ലക്ഷ്യമിട്ട് മാലപൊട്ടിക്കൽ ഉൾപ്പെടെ കവർച്ചകൾ നടത്തുന്ന സംഘം ജില്ലയിൽ സജീവമാണെന്നും പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും വയനാട് പൊലീസ് അറിയിച്ചു. സി.സി.ടി.വി ദൃശ്യങ്ങളും മറ്റ് അന്വേഷണ വിവരങ്ങളും പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ പ്രതികളെന്ന് സംശയിക്കുന്നവരുടെ ചിത്രങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. ഇവരെ കണ്ടെത്തുന്നതിനായി ജില്ലയിലുടനീളം പൊലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. രണ്ടോ അതിലധികമോ പേരടങ്ങുന്ന സംഘമാണ് കവർച്ചകൾക്ക് പിന്നിൽ പ്രവർത്തിക്കുന്നത്. തിരക്കേറിയ സ്ഥലങ്ങളിലും ബസുകളിലും ഓട്ടോറിക്ഷകളിലും മറ്റും യാത്ര ചെയ്യുന്ന സ്ത്രീകളെയും വയോധികരെയും പിന്തുടർന്ന് സാഹചര്യം ഒത്തുവരുമ്പോൾ ആഭരണങ്ങൾ കവർന്ന് കടന്നുകളയുന്നതാണ് ഇവരുടെ രീതിയെന്ന് പൊലീസ് വ്യക്തമാക്കി.
അടുത്തിടെ വാവുബലിയോടനുബന്ധിച്ച് തിരുനെല്ലി അമ്പല പരിസരത്തും അമ്പലവയൽ, കമ്പളക്കാട് പൊലീസ് സ്റ്റേഷൻ പരിധികളിലും കവർച്ചകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വാവുബലി ദിനത്തിൽ തിരുനെല്ലി അമ്പലത്തിലെ അന്നദാന മണ്ഡപത്തിൽ വെച്ച് 80 വയസ്സുള്ള വയോധികയുടെ ഒന്നേമുക്കാൽ പവൻ തൂക്കം വരുന്ന മാല സംഘം കവർന്നിരുന്നു. കൂടാതെ അമ്പലവയൽ കൊളഗപ്പാറയിൽ നിന്ന് ആയിരംകൊല്ലിയിലേക്ക് ഓട്ടോയിൽ യാത്ര ചെയ്ത 71 വയസ്സുള്ള വയോധികയുടെ രണ്ട് പവൻ മാലയും, കമ്പളക്കാട് ബസിൽ യാത്ര ചെയ്ത 70 വയസ്സുള്ള വയോധികയുടെ രണ്ട് പവൻ മാലയും ഈ സംഘം കവർന്നു.
പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സംശയകരമായ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ആ വിവരം പൊലീസിനെ അറിയിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഓണത്തിരക്കിൽ ജാഗ്രത: ഓണത്തോടനുബന്ധിച്ച് പൊതുസ്ഥലങ്ങളിലും തിരക്കേറിയ ഇടങ്ങളിലും അതീവ ജാഗ്രത പാലിക്കുക.
ആഭരണങ്ങളുടെ സുരക്ഷ: സ്വർണ്ണാഭരണങ്ങൾ സുരക്ഷിതമായി സൂക്ഷിക്കുക. മൊബൈൽ ഫോൺ, പേഴ്സ് എന്നിവ ശ്രദ്ധയോടെ കൈകാര്യം ചെയ്യുക.
പിന്തുടരുന്നവരെ ശ്രദ്ധിക്കുക: മാസ്ക് ധരിച്ചും മറ്റും സംശയകരമായ രീതിയിൽ ആരെങ്കിലും പിന്തുടരുന്നതായി തോന്നിയാൽ കൂടുതൽ ജാഗ്രത പാലിക്കുക. ഉടൻ അടുത്തുള്ള കടയിലേക്കോ ജനവാസ കേന്ദ്രത്തിലേക്കോ മാറുക.
പൊലീസിനെ അറിയിക്കുക: സംശയാസ്പദമായ വ്യക്തികളെയോ വാഹനങ്ങളെയോ ശ്രദ്ധയിൽപ്പെട്ടാൽ പൊലീസിനെ അറിയിക്കുക.
അടിയന്തര സഹായം: അടിയന്തര സാഹചര്യമുണ്ടായാൽ ഉടൻ 112 എന്ന നമ്പറിൽ വിളിച്ച് പൊലീസ് സഹായം തേടുക.