സ്ത്രീകളെ അടിസ്ഥാനരഹിതമായി സ്വഭാവഹത്യ ചെയ്യുന്നത് ക്രൂരമായ  'സാമൂഹിക അതിക്രമം' :  ഹൈക്കോടതി  , ശ്വേതാ മേനോനെതിരെയുള്ള എഫ്‌ഐആർ റദ്ദാക്കി

സ്ത്രീകളെ അടിസ്ഥാനരഹിതമായി സ്വഭാവഹത്യ ചെയ്യുന്നത് ക്രൂരമായ  'സാമൂഹിക അതിക്രമം' ആണെന്ന് കേരള ഹൈക്കോടതി. നടി ശ്വേത മേനോനെതിരെ എടുത്ത എഫ്‌ഐആർ റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിലാണ് ജസ്റ്റിസ് സിഎസ് ഡയസിന്റെ നിരീക്ഷണം.ഒരു സ്ത്രീ പൊതുജീവിതത്തിൽ പേരും പ്രശസ്തിയും നേടുമ്പോൾ അവരെ യുക്തിയോ മെറിറ്റോ ഉപയോഗിച്ച് നേരിടാൻ കഴിയാതെ വരുമ്പോഴാണ് പലരും വ്യക്തിഹത്യയെ ആയുധമാക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.
 



കൊച്ചി: സ്ത്രീകളെ അടിസ്ഥാനരഹിതമായി സ്വഭാവഹത്യ ചെയ്യുന്നത് ക്രൂരമായ  'സാമൂഹിക അതിക്രമം' ആണെന്ന് കേരള ഹൈക്കോടതി. നടി ശ്വേത മേനോനെതിരെ എടുത്ത എഫ്‌ഐആർ റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിലാണ് ജസ്റ്റിസ് സിഎസ് ഡയസിന്റെ നിരീക്ഷണം.ഒരു സ്ത്രീ പൊതുജീവിതത്തിൽ പേരും പ്രശസ്തിയും നേടുമ്പോൾ അവരെ യുക്തിയോ മെറിറ്റോ ഉപയോഗിച്ച് നേരിടാൻ കഴിയാതെ വരുമ്പോഴാണ് പലരും വ്യക്തിഹത്യയെ ആയുധമാക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.

അമ്മ സംഘടനയുടെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് തന്നെ തളർത്താൻ ലക്ഷ്യമിട്ട് നൽകിയ പരാതി ദുരുദ്ദേശപരമാണെന്ന ശ്വേതയുടെ വാദം കോടതി അംഗീകരിച്ചു. മുൻപ് അഭിനയിച്ച സിനിമകളിലെയും പരസ്യങ്ങളിലെയും ദൃശ്യങ്ങൾ അശ്ലീല വെബ്സൈറ്റുകളിൽ പ്രചരിപ്പിച്ചു എന്നാരോപിച്ച് നൽകിയ പരാതിയിലായിരുന്നു എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തിരുന്നത്.

സ്ത്രീകളുടെ നേട്ടങ്ങളേക്കാൾ കൂടുതൽ അവരുടെ പ്രതിച്ഛായയെക്കുറിച്ച് സമൂഹം ചർച്ച ചെയ്യുന്നത് ബൗദ്ധികമായ ദാരിദ്ര്യമാണ് കാണിക്കുന്നത്. സ്ത്രീ ശാക്തീകരണം എന്നാൽ അവരെ സന്ന്യാസികളാക്കി മാറ്റുക എന്നല്ല അർത്ഥം. അവരുടെ വ്യക്തിത്വം, നേട്ടങ്ങൾ, താല്പര്യങ്ങൾ എന്നിവ മാന്യതയോടെ അംഗീകരിക്കുക എന്നതാണ്.

അസൂയയുടെയോ പകയുടെയോ പേരിൽ ഒരു സ്ത്രീ അധിക്ഷേപിക്കപ്പെടുന്നത് ഒരു സമൂഹം നോക്കിനിൽക്കുന്നത് അനീതിയാണെന്നും കോടതി പറഞ്ഞു. സെൻസർ ബോർഡ് അംഗീകരിച്ചതും വർഷങ്ങളായി പൊതുമധ്യത്തിലുള്ളതുമായ സിനിമകളിലെ ദൃശ്യങ്ങളുടെ പേരിൽ ഇത്തരമൊരു പരാതി നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കി.

പരാതിക്കാരിയെ അപമാനിക്കാനും അവരുടെ സൽപ്പേരിന് കളങ്കമുണ്ടാക്കാനും ബോധപൂർവ്വം നൽകിയതാണ് ഈ പരാതിയെന്ന് വിലയിരുത്തിയ കോടതി, കേസ് റദ്ദാക്കി ഉത്തരവിട്ടു.