ബാർ ലൈസൻസ് വിവാദം: എക്‌സൈസ് കമ്മീഷണർ ശ്രീറാം സാംബശിവ റാവുവിനെ മാറ്റി

ബാർ ലൈസൻസ് അനുവദിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിന്നാലെ എക്‌സൈസ് കമ്മീഷണർ ശ്രീറാം സാംബശിവ റാവുവിനെ ചുമതലയിൽ നിന്ന് മാറ്റി. അഡീഷണൽ കമ്മീഷണർക്കാണ് നിലവിൽ എക്‌സൈസ് കമ്മീഷണറുടെ താൽക്കാലിക ചുമതല നൽകിയിരിക്കുന്നത്. എക്‌സൈസ് മന്ത്രിയുടെ കടുത്ത അതൃപ്തിയെത്തുടർന്നാണ് അടിയന്തര നടപടി. നെടുമ്പാശ്ശേരി വിമാനത്താവളത്തിനുള്ളിൽ രണ്ട് പുതിയ ബാറുകൾക്ക് മന്ത്രി അറിയാതെ ലൈസൻസ് നൽകിയതാണ് വിവാദത്തിന് വഴിതെളിച്ചത്.

 

തിരുവനന്തപുരം: ബാർ ലൈസൻസ് അനുവദിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിന്നാലെ എക്‌സൈസ് കമ്മീഷണർ ശ്രീറാം സാംബശിവ റാവുവിനെ ചുമതലയിൽ നിന്ന് മാറ്റി. അഡീഷണൽ കമ്മീഷണർക്കാണ് നിലവിൽ എക്‌സൈസ് കമ്മീഷണറുടെ താൽക്കാലിക ചുമതല നൽകിയിരിക്കുന്നത്. എക്‌സൈസ് മന്ത്രിയുടെ കടുത്ത അതൃപ്തിയെത്തുടർന്നാണ് അടിയന്തര നടപടി. നെടുമ്പാശ്ശേരി വിമാനത്താവളത്തിനുള്ളിൽ രണ്ട് പുതിയ ബാറുകൾക്ക് മന്ത്രി അറിയാതെ ലൈസൻസ് നൽകിയതാണ് വിവാദത്തിന് വഴിതെളിച്ചത്. കമ്മീഷണറുടെ നടപടികൾ ദുരൂഹവും എക്‌സൈസ് വകുപ്പിന് നാണക്കേടുണ്ടാക്കുന്നതുമാണെന്ന് വ്യക്തമാക്കിയ എക്‌സൈസ് മന്ത്രി, അദ്ദേഹത്തെ ചുമതലയിൽ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സമീപിക്കുകയായിരുന്നു.

അതേസമയം, ബാറുകൾക്ക് ലൈസൻസ് അനുവദിച്ചത് തങ്ങളുടെ ഔദ്യോഗിക ഉത്തരവാദിത്തം നിറവേറ്റുന്നതിന്റെ ഭാഗമായി മാത്രമാണെന്ന് എക്‌സൈസ് കമ്മീഷണർ വിശദീകരിച്ചു. എഫ്എൽ-7 (FL-7) ലൈസൻസ് അനുവദിക്കാനുള്ള നടപടികൾ 2011-ലെ യുഡിഎഫ് സർക്കാരിന്റെ കാലം മുതൽ നിലനിൽക്കുന്ന നിയമപരമായ രീതിയാണെന്നും അത് പിന്തുടരുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം നികുതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയെ അറിയിച്ചു.

വിവാദങ്ങൾക്ക് പിന്നാലെ കമ്മീഷണർ സാംബശിവ റാവു എക്‌സൈസ് മന്ത്രിക്ക് നേരിട്ടും വിശദീകരണം നൽകിയിരുന്നു. ഇതുവരെ നിയമപരമായി മാത്രമാണ് പ്രവർത്തിച്ചിട്ടുള്ളതെന്നും ബാർ ലൈസൻസ് നൽകുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ കൃത്യമായി സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാരിന്റെ നിലവിലെ മദ്യനയത്തിന് വിരുദ്ധമായി യാതൊന്നും ചെയ്തിട്ടില്ലെന്നും നൽകിയ വിശദീകരണത്തിൽ പറയുന്നു.