ബാനറും കൊടിയും കെട്ടി പൊതിച്ചോറ് വിതരണം പാടില്ലെന്ന് മന്ത്രി ;  എല്ലാം മുടക്കുക എന്നുള്ളതാണ് ഭരണപക്ഷത്തിന്റെ രീതി, കൊടിയുടെ നിറം നോക്കി അല്ല തങ്ങള്‍ ഭക്ഷണം നല്‍കുന്നതെന്ന് ഡിവൈഎഫ്‌ഐ

മെഡിക്കല്‍ കോളേജുകളില്‍ കമ്മ്യൂണിറ്റി കിച്ചണുകള്‍ ഇല്ലാത്തതുകൊണ്ടാണ് പദ്ധതിയുമായി ഡിവൈഎഫ്ഐ മുന്നോട്ടുപോകുന്നത്.

 

എല്ലാം മുടക്കുക എന്നുള്ളതാണ് ഭരണപക്ഷത്തിന്റെ രീതിയെന്ന് സംസ്ഥാന പ്രസിഡന്റ് വി വസീഫ് വിമര്‍ശിച്ചു.

ആശുപത്രികളിലെ പൊതിച്ചോര്‍ വിതരണവുമായി ബന്ധപ്പെട്ട വിവാദം കൊഴുക്കുന്നു. ബാനറും കൊടിയും കെട്ടി പൊതിച്ചോറ് വിതരണം പാടില്ല എന്ന മന്ത്രി കെ മുരളീധരന്റെ പ്രസ്താവനക്കെതിരെ ഡിവൈഎഫ്ഐ രംഗത്തെത്തി. എല്ലാം മുടക്കുക എന്നുള്ളതാണ് ഭരണപക്ഷത്തിന്റെ രീതിയെന്ന് സംസ്ഥാന പ്രസിഡന്റ് വി വസീഫ് വിമര്‍ശിച്ചു. മെഡിക്കല്‍ കോളേജുകളില്‍ കമ്മ്യൂണിറ്റി കിച്ചണുകള്‍ ഇല്ലാത്തതുകൊണ്ടാണ് പദ്ധതിയുമായി ഡിവൈഎഫ്ഐ മുന്നോട്ടുപോകുന്നത്. കൊടിയുടെ നിറം നോക്കി അല്ല തങ്ങള്‍ ഭക്ഷണം നല്‍കുന്നതെന്നും വസീഫ് പറഞ്ഞു.
'ഭരണപക്ഷം ഞങ്ങളുടെ പദ്ധതി നിര്‍ത്തലാക്കുമെന്ന് പറയുന്നു. എല്ലാം മുടക്കുക എന്നുള്ളതാണ് ഭരണപക്ഷത്തിന്റെ രീതി. തുടര്‍ന്നു കൊണ്ടേയിരിക്കുക എന്നുള്ളതാണ് ഞങ്ങളുടെ രീതി. മെഡിക്കല്‍ കോളേജുകളില്‍ കമ്മ്യൂണിറ്റി കിച്ചണുകള്‍ ഇല്ലാത്തതുകൊണ്ടാണ് ഈ പദ്ധതിയുമായി ഞങ്ങള്‍ മുന്നോട്ടുപോകുന്നത്. കമ്മ്യൂണിറ്റി കിച്ചണുകള്‍ തുടങ്ങട്ടെ, ഭക്ഷണം മുടങ്ങാതിരുന്നാല്‍ മതി', വസീഫ് പ്രതികരിച്ചു.


കൊടിയും ബാനറും വെക്കുന്നതില്‍ എന്താണ് പ്രശ്നമെന്നും വസീഫ് ചോദിച്ചു. 'എന്തിനാണ് ഞങ്ങളുടെ പദ്ധതിയെ തകര്‍ക്കാന്‍ നോക്കുന്നത്. ഞങ്ങള്‍ക്ക് മറ്റു താല്‍പ്പര്യങ്ങള്‍ ഇല്ല. പൊതിച്ചോറ് മുടങ്ങരുത്. ഞങ്ങള്‍ കൊടിയുടെ നിറം നോക്കി അല്ല ഭക്ഷണം കൊടുക്കുന്നത്. മറ്റുള്ളവരും ഇത് മാതൃകയാകട്ടെ. സര്‍ക്കാര്‍ സംവിധാനം വരട്ടെ', വസീഫ് കൂട്ടിച്ചേര്‍ത്തു.
ബാനറും കൊടിയും കെട്ടി ആശുപത്രി പരിസരത്ത് ഭക്ഷണം കൊടുക്കാന്‍ പാടില്ലെന്നായിരുന്നു കെ മുരളീധരന്റെ പ്രസ്താവന. ആശുപത്രികളിലെ സൗജന്യ ഭക്ഷണ വിതരണത്തിന് കമ്മ്യൂണിറ്റി കിച്ചണുകള്‍ വരുമെന്നും ഈ പദ്ധതി ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ആദ്യം നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.