നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു: പാലക്കാട് ജില്ലയിലെ  വിവിധ സ്ഥാപനങ്ങളില്‍ നിന്നും 60,500 രൂപ പിഴ ഈടാക്കി

 

പാലക്കാട് :  മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിന് നടത്തിയ പരിശോധനയില്‍ കോങ്ങാട് ഗ്രാമപഞ്ചായത്തിലെ വിവിധ സ്ഥാപനങ്ങളില്‍ നിന്നും നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു. ഈ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും  ആകെ 60,500 രൂപ പിഴ ഈടാക്കുകയും ചെയ്തു. 

ആറു സ്ഥാപനങ്ങളില്‍ നിന്ന് 10,000 രൂപയും ഒരു സ്ഥാപനത്തില്‍ നിന്നും 500 രൂപയുമാണ് പിഴ ഈടാക്കിയത്. 76.8 കിലോഗ്രാം നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ കണ്ടെടുത്തു. ഇതിനുപുറമേ ജലാശയങ്ങളിലേക്ക് മലിനജലം ഒഴുക്കിവിട്ട സ്ഥാപനങ്ങള്‍ക്കും പിഴ ഈടാക്കിയിട്ടുണ്ട്.
മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിന് ഏര്‍പ്പെടുത്തിയ ജില്ലാ സ്‌ക്വാഡ് 2 ആണ് പരിശോധന നടത്തിയത്. 

അസിസ്റ്റന്റ് ഡയറക്ടര്‍ സി. ജലജയുടെ നേതൃത്വത്തില്‍ പാലക്കാട് ജോയിന്റ് ഡയറക്ടര്‍ ഓഫീസ് ജൂനിയര്‍ സൂപ്രണ്ട് ആര്‍. രഘുനാഥന്‍, മലമ്പുഴ ജോയിന്റ് ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ എ. കാര്‍ത്തികേയന്‍, പ്രോഗ്രാം ഓഫീസര്‍ എ. ഷെറീഫ്, മലമ്പുഴ ബ്ലോക്ക് ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ പ്രദീപ് എന്നിവരാണ് പരിശോധന നടത്തിയത്.