ഏഴിമല നാവിക അക്കാദമിയില്‍ ഇന്ത്യന്‍ പൗരനെന്ന വ്യാജേന ജോലിചെയ്തുവന്ന ബംഗ്ലാദേശി പിടിയില്‍

വ്യാജ ആധാര്‍ കാര്‍ഡില്‍ ബിപ്ലബ് സോറന്‍ എന്നായിരുന്നു പേര്.

 

ബംഗാളിലെ മുര്‍ഷിദാബാദ് സ്വദേശിയാണെന്ന് തെറ്റിധരിപ്പിച്ചാണ് ഇയാള്‍ ജോലി ചെയ്തുവന്നത്.

കണ്ണൂര്‍ ഏഴിമല നാവിക അക്കാദമിയില്‍ വന്‍ സുരക്ഷാ വീഴ്ച. ഇന്ത്യന്‍ പൗരനാണെന്ന് തെളിയിക്കുന്ന തെറ്റായ രേഖകള്‍ ചമച്ച് അക്കാദമിയില്‍ ജോലി ചെയ്തുവന്ന ബംഗ്ലാദേശ് പൗരന്‍ പിടിയിലായി. ബംഗാളിലെ മുര്‍ഷിദാബാദ് സ്വദേശിയാണെന്ന് തെറ്റിധരിപ്പിച്ചാണ് ഇയാള്‍ ജോലി ചെയ്തുവന്നത്. വ്യാജ ആധാര്‍ കാര്‍ഡില്‍ ബിപ്ലബ് സോറന്‍ എന്നായിരുന്നു പേര്.

അക്കാദമി അധികൃതര്‍ക്ക് മുന്നില്‍ ഹാജരാക്കിയ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും മുര്‍ഷിദാബാദ് പൊലീസിന്റെ പേരില്‍ വ്യാജമായി നിര്‍മിച്ചതാണെന്ന് പിന്നീട് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. രാജ്യത്തിന്റെ അതീവ സുരക്ഷാ മേഖലകളിലൊന്നില്‍ വ്യാജരേഖകള്‍ ഉപയോഗിച്ച് ഇതര രാജ്യക്കാരന്‍ നുഴഞ്ഞുകയറി ജോലി ചെയ്തുവെന്ന സംഭവം അതീവ ഗൗരവത്തോടെയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കാണുന്നത്. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്നും ഇയാള്‍ വ്യാജരേഖകള്‍ എവിടെനിന്നാണ് സംഘടിപ്പിച്ചതെന്നും പരിശോധിച്ചുവരികയാണ്.
കഴിഞ്ഞ ഒരു വര്‍ഷമായി ജോലി ചെയ്തുവരികയായിരുന്നു ഇയാള്‍. എന്നാല്‍ ദിനചര്യകളിലും പെരുമാറ്റത്തിലും അക്കാദമി അധികൃതര്‍ക്ക് ചില സംശയങ്ങള്‍ തോന്നിയതിനെ തുടര്‍ന്ന് ഇയാളെ രഹസ്യമായി നിരീക്ഷിച്ചിരുന്നു.


തുടര്‍ന്ന് നാവികസേന ഉദ്യോഗസ്ഥര്‍ ഇയാളെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തു. ഈ പരിശോധനയില്‍ ഇയാളുടെ മൊബൈല്‍ ഫോണില്‍ നിന്ന് യഥാര്‍ത്ഥ ബംഗ്ലാദേശ് പൗരത്വം തെളിയിക്കുന്ന രേഖകളും തെളിവുകളും ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു. തുടര്‍ന്നുള്ള നിയമനടപടികള്‍ക്കായി പ്രതിയെ ഉടന്‍തന്നെ പയ്യന്നൂര്‍ പോലീസിന് കൈമാറി.