സിനിമയുടെ കഥ ചർച്ച ചെയ്യാനെന്ന വ്യാജേന വിളിച്ചുവരുത്തി യുവനടിയെ പീഡിപ്പിച്ചെന്ന കേസ്: സഹസംവിധായകന് ജാമ്യം
സിനിമാനിർമാണ കമ്പനിയുടെ പനമ്പിള്ളി നഗറിലെ ഓഫീസിൽവെച്ച് യുവനടിയെ പീഡിപ്പിച്ചെന്ന കേസിൽ സഹസംവിധായകൻ ധിനിൽ ബാബുവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യനാണ് ജാമ്യഹർജി പരിഗണിച്ചത്.
Dec 31, 2025, 09:15 IST
കൊച്ചി: സിനിമാനിർമാണ കമ്പനിയുടെ പനമ്പിള്ളി നഗറിലെ ഓഫീസിൽവെച്ച് യുവനടിയെ പീഡിപ്പിച്ചെന്ന കേസിൽ സഹസംവിധായകൻ ധിനിൽ ബാബുവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യനാണ് ജാമ്യഹർജി പരിഗണിച്ചത്.
പാസ്‌പോർട്ട് കോടതിയിൽ ഹാജരാക്കണമെന്ന വ്യവസ്ഥയോടെയാണ് ജാമ്യം. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് ആവശ്യമാണെന്നും നിരീക്ഷിച്ച് നവംബർ 29-ന് പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. തുടർന്ന് ഡിസംബർ മൂന്നിനാണ് അറസ്റ്റിലായത്.
സിനിമയുടെ കഥ ചർച്ച ചെയ്യാനെന്ന വ്യാജേന വിളിച്ചുവരുത്തിയശേഷം പീഡിപ്പിച്ചെന്നാണ് പ്രോസിക്യൂഷൻ കേസ്. എന്നാൽ, ബ്ലാക്ക് മെയിലിങ്ങിലൂടെ പണം തട്ടിയെടുക്കാൻ കള്ളക്കേസിൽ കുടുക്കിയതാണെന്ന് ഹർജിക്കാരൻ വാദിച്ചു.