ട്രെയിനിലെ ബാഗ് കവർച്ച: “കോച്ചിനുള്ളിൽ കൊന്നാലും ആരും അറിയില്ല” – പി.കെ.ശ്രീമതി
കണ്ണൂർ: 'തീവണ്ടിയിൽ ആരും ഉറങ്ങരുത്. നേരം വെളുക്കുവോളം ഉണർന്നിരിക്കണം. കോച്ചിനുള്ളിൽ കൊന്നാലും ആരും അറിയില്ല'- പി.കെ.ശ്രീമതിയുടെ വാക്കുകളിൽ പാളുന്ന റെയിൽവേ സുരക്ഷയോടുള്ള രോഷം. കോച്ചിനുള്ളിൽ കയറി ബാഗ് കവർന്ന മോഷ്ടാക്കളുടെ ധൈര്യം ഇപ്പോഴും നെഞ്ചിടിപ്പേറ്റുന്നു. അപായച്ചങ്ങല വലിച്ച് വണ്ടി നിന്നിട്ടും ആരും വന്നില്ലെന്നത് ഞെട്ടിച്ചു -അവർ പറഞ്ഞു. ബിഹാറിലെ തീവണ്ടിയാത്രയിൽ പണവും രേഖകളും സ്വർണവും അടങ്ങുന്ന ബാഗ് നഷ്ടപ്പെട്ട മുൻമന്ത്രി പി.കെ.ശ്രീമതി കഴിഞ്ഞദിവസം നാട്ടിലെത്തി. മോഷണം നടന്ന് ആറുദിവസം കഴിഞ്ഞിട്ടും റെയിൽവേയുടെ ഭാഗത്തുനിന്ന് ഒരന്വേഷണംപോലും ഉണ്ടായില്ലെന്ന് ശ്രീമതി പറയുന്നു.
ചൊവ്വാഴ്ച രാത്രി കൊൽക്കത്തയിൽനിന്ന് സമസ്തിപൂരിലേക്കുള്ള യാത്രയ്ക്കിടെയാണ് കവർച്ചയ്ക്കിരയായത്. മഹിളാ അസോസിയേഷൻ ബിഹാർ സംസ്ഥാനസമ്മേളനത്തിൽ പങ്കെടുക്കാൻ പോകുകയായിരുന്നു. പുലർച്ചെ 5.45-ന് എഴുന്നേറ്റപ്പോഴായിരുന്നു ബാഗ് നഷ്ടപ്പെട്ടത് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ അപായച്ചങ്ങല വലിച്ചു. ടിക്കറ്റ് പരിശോധകനടക്കം ആരും വന്നില്ല. വണ്ടി പുറപ്പെട്ടു. അരമണിക്കൂർ കഴിഞ്ഞ് ഒരു പോലീസുദ്യോഗസ്ഥൻ എത്തി. കൂടെയുണ്ടായിരുന്ന മറിയം ധാവ്ള ഹിന്ദിയിലും ബിഹാറിയിലും സംഭവം വിശദീകരിച്ചു.
എന്നാൽ ഒരു ഗൗരവവും അയാൾ നൽകിയില്ല. ഫോണും അതിലെ വിവരങ്ങളും നഷ്ടപ്പെട്ടത് സങ്കടകരമായിരുന്നു. ആറുദിവസമായിട്ടും മോഷണം സംബന്ധിച്ച ഒരു വിവരവും ലഭിച്ചിട്ടില്ല. മോഷണക്കൈകൾ ബർത്തിലേക്ക് നീളുന്നത് ജീവനുതന്നെ ഭീഷണിയാണ് -പി.കെ.ശ്രീമതി പറഞ്ഞു.