ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍

പാട്ടത്തിനെടുത്ത് ഓടിക്കുന്ന ബസുകളിലെ ജീവനക്കാരെ കേന്ദ്രീകരിച്ച് തിങ്കളാഴ്ച മുതല്‍ കൊച്ചിയില്‍ പൊലീസ് പ്രത്യേക പരിശോധന നടത്തും

 

ബസ് ഉടമകള്‍ നല്‍കുന്ന അപേക്ഷ പരിഗണിച്ചായിരിക്കും കാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കുക.

സ്വകാര്യ ബസ് ജീവനക്കാരുടെ ഫോട്ടോ വച്ച് പൊലീസ് പശ്ചാത്തല പരിശോധന നടത്തും. പരിശോധനക്ക് ശേഷം പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും ജീവനക്കാര്‍ക്ക് ഐഡി കാര്‍ഡും നല്‍കെമെന്ന് കമ്മീഷണര്‍ അറിയിച്ചു. വെരിഫിക്കേഷന്‍ 15 ദിവസത്തിനകം പൂര്‍ത്തിയാക്കാനാണ് തീരുമാനം. ബസ് ഉടമകള്‍ നല്‍കുന്ന അപേക്ഷ പരിഗണിച്ചായിരിക്കും കാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കുക.

പാട്ടത്തിനെടുത്ത് ഓടിക്കുന്ന ബസുകളിലെ ജീവനക്കാരെ കേന്ദ്രീകരിച്ച് തിങ്കളാഴ്ച മുതല്‍ കൊച്ചിയില്‍ പൊലീസ് പ്രത്യേക പരിശോധന നടത്തും. പാട്ടത്തിനെടുത്ത ബസുകളിലെ ഉടമകള്‍ക്കും ജീവനക്കാര്‍ക്കും പരസ്പരം അറിയാത്ത സാഹചര്യമുണ്ടെന്ന് പൊലീസ് ചൂണ്ടിക്കാട്ടി. അന്‍സാറുമായി ബന്ധപ്പെട്ട കേസിലും ബസ് ഉടമയ്ക്ക് ജീവനക്കാരനെക്കുറിച്ച് വ്യക്തമായ അറിവില്ലായിരുന്നുവെന്ന് കമ്മീഷണര്‍ പറഞ്ഞു.

ബസ് ജീവനക്കാരുടെ പെരുമാറ്റം മെച്ചപ്പെടുത്തുന്നതിനായി പ്രത്യേക വര്‍ക്ക്‌ഷോപ്പുകളും സംഘടിപ്പിക്കും. ബസ് ടെര്‍മിനലുകളില്‍ സര്‍വീസ് ആരംഭിക്കുന്നതിന് മുമ്പ് പൊലീസ്, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ജീവനക്കാരുമായി സംസാരിക്കുകയും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യും. സര്‍വീസ് സമയക്രമം പാലിക്കുന്നതിന്റെ പേരില്‍ റാഷ് ഡ്രൈവിങ് അനുവദിക്കില്ലെന്നും പൊലീസ് വ്യക്തമാക്കി. പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും കമ്മീഷണര്‍ പറഞ്ഞു