മമ്മൂട്ടിക്കെതിരായ വിദ്വേഷ പോസ്റ്റ് നീക്കം ചെയ്ത് ബി. ഗോപാലകൃഷ്ണൻ; വിവാദങ്ങൾക്ക് കാരണം ഛിദ്രശക്തികളെന്ന് പ്രതികരണം
നടൻ മമ്മൂട്ടി ഉൾപ്പെടെയുള്ള ചലച്ചിത്ര പ്രവർത്തകർക്കെതിരെ 2025 നവംബറിൽ ഫെയ്സ്ബുക്കിലിട്ട വിദ്വേഷ പോസ്റ്റ് നീക്കം ചെയ്ത് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ബി. ഗോപാലകൃഷ്ണൻ. സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തിന് പിന്നാലെ അവാർഡ് ജേതാക്കളായ മുസ്ലിം വിഭാഗത്തിൽപ്പെട്ടവരെ അധിക്ഷേപിക്കുന്ന രീതിയിൽ ഇട്ട പോസ്റ്റാണ് കടുത്ത വിമർശനങ്ങളെയും സൈബർ ആക്രമണങ്ങളെയും തുടർന്ന് അദ്ദേഹം ഡിലീറ്റ് ചെയ്തത്.
കൊച്ചി: നടൻ മമ്മൂട്ടി ഉൾപ്പെടെയുള്ള ചലച്ചിത്ര പ്രവർത്തകർക്കെതിരെ 2025 നവംബറിൽ ഫെയ്സ്ബുക്കിലിട്ട വിദ്വേഷ പോസ്റ്റ് നീക്കം ചെയ്ത് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ബി. ഗോപാലകൃഷ്ണൻ. സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തിന് പിന്നാലെ അവാർഡ് ജേതാക്കളായ മുസ്ലിം വിഭാഗത്തിൽപ്പെട്ടവരെ അധിക്ഷേപിക്കുന്ന രീതിയിൽ ഇട്ട പോസ്റ്റാണ് കടുത്ത വിമർശനങ്ങളെയും സൈബർ ആക്രമണങ്ങളെയും തുടർന്ന് അദ്ദേഹം ഡിലീറ്റ് ചെയ്തത്.
നവംബർ 1-ന് തൃശൂരിൽ നടന്ന ഗോപാലകൃഷ്ണന്റെ മകളുടെ വിവാഹത്തിൽ ഗതാഗതക്കുരുക്ക് കാരണം മമ്മൂട്ടിക്ക് പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. തുടർന്ന് കഴിഞ്ഞ ദിവസം വിവാഹ ആശംസകൾ നേരിട്ടറിയിക്കാൻ ഗോപാലകൃഷ്ണന്റെ വീട്ടിൽ മമ്മൂട്ടി സൗഹൃദ സന്ദർശനം നടത്തി. ഇരുവരും തമ്മിലുള്ള സന്ദർശന ദൃശ്യങ്ങൾ പുറത്തുവന്നതോടെ മമ്മൂട്ടിക്കെതിരെ ഒരുവിഭാഗം സൈബർ ആക്രമണവും അധിക്ഷേപങ്ങളും ആരംഭിക്കുകയായിരുന്നു.
ഇതിന് പിന്നാലെയാണ് മമ്മൂട്ടിയെ അധിക്ഷേപിച്ചുകൊണ്ടുള്ള ഗോപാലകൃഷ്ണന്റെ പഴയ ഫെയ്സ്ബുക്ക് പോസ്റ്റ് വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയായത്. മമ്മൂട്ടിയോട് വ്യക്തിപരമായ സൗഹൃദം പ്രകടിപ്പിക്കുകയും മറുവശത്ത് അദ്ദേഹത്തിനെതിരായ വിദ്വേഷ പോസ്റ്റ് നിലനിർത്തുകയും ചെയ്യുന്നതിലെ ഇരട്ടത്താപ്പ് ചോദ്യം ചെയ്ത് വിമർശനം ശക്തമായതോടെയാണ് ഗോപാലകൃഷ്ണൻ പോസ്റ്റ് പിൻവലിക്കാൻ നിർബന്ധിതനായത്. അതേസമയം, സ്നേഹവും സൗഹൃദവും മുൻനിർത്തി കേരളത്തിൽ ജനങ്ങൾ ഒരുമിച്ച് പോകാൻ ആഗ്രഹിക്കാത്ത ചില ഛിദ്രശക്തികളാണ് മമ്മൂട്ടിയുടെ വീട്ടിലെ സന്ദർശനത്തെ വിവാദമാക്കുന്നതെന്നും ഇത്തരം വിമർശനങ്ങൾ മമ്മൂട്ടിക്ക് ഒരു വിഷയമല്ലെന്നുമാണ് ഗോപാലകൃഷ്ണന്റെ പ്രതികരണം.