അവാർഡിന് അർഹമായ സിനിമകളോ ബാലതാരങ്ങളോ ഇത്തവണ ഉണ്ടായിരുന്നില്ല ; അടുത്ത അവാർഡ് പ്രഖ്യാപനത്തിൽ കുട്ടികൾക്ക് അവാർഡ് ഉണ്ടാകുമെന്ന് ഉറപ്പ് നൽകി മന്ത്രി സജി ചെറിയാൻ
സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിൽ കുട്ടികളുടെ വിഭാഗത്തിലെ അവാർഡുകൾ സംബന്ധിച്ച് ഉയർന്ന വിമർശനങ്ങളോട് പ്രതികരിച്ച് സാംസ്കാരിക മന്ത്രി സജി ചെറിയാൻ. കോഴിക്കോട്ട്
സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിൽ കുട്ടികളുടെ വിഭാഗത്തിലെ അവാർഡുകൾ സംബന്ധിച്ച് ഉയർന്ന വിമർശനങ്ങളോട് പ്രതികരിച്ച് സാംസ്കാരിക മന്ത്രി സജി ചെറിയാൻ. കോഴിക്കോട്ട് നടത്തിയ പ്രതികരണത്തിൽ, ഇത് അഞ്ചാമത്തെ തവണയാണ് തൻ്റെ കീഴിൽ അവാർഡ് പ്രഖ്യാപിക്കുന്നത് എന്നും, സാധാരണയായി ഉണ്ടാകാറുള്ള പരാതികൾ ഇത്തവണ ഇല്ലെന്നും കയ്യടി മാത്രമേയുള്ളൂ എന്നും മന്ത്രി അവകാശപ്പെട്ടു. മമ്മൂട്ടിയെയും മോഹൻലാലിനെയും ആദരിച്ചതായും, ഗാനരചയിതാവല്ലാത്ത വേടനെ പോലും പുരസ്‌കാരത്തിനായി പരിഗണിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ബാലതാരങ്ങൾക്കും കുട്ടികളുടെ സിനിമകൾക്കുമുള്ള അവാർഡുകൾ നൽകാത്തതിനെക്കുറിച്ച് മന്ത്രി വിശദീകരിച്ചു. അവാർഡിന് അർഹമായ സിനിമകളോ ബാലതാരങ്ങളോ ഇത്തവണ ഉണ്ടായിരുന്നില്ല എന്നാണ് ജൂറിയുടെ വിലയിരുത്തൽ. ഈ വിഷയത്തിൽ ജൂറി തന്നെ ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
കുട്ടികളുടെ നല്ല സിനിമകൾ ഉണ്ടാകാൻ സർക്കാരിൻ്റെ ഭാഗത്തുനിന്ന് ഇടപെടൽ ഉണ്ടാകണമെന്ന നിർദേശം ജൂറി മുന്നോട്ടുവെച്ചിട്ടുണ്ട്. ഇത് പരിഹരിക്കുന്നതിനായി സിനിമയുമായി ബന്ധപ്പെട്ടവരുടെ യോഗം ഉടൻ വിളിച്ചുചേർക്കുമെന്നും, അടുത്ത അവാർഡ് പ്രഖ്യാപനത്തിൽ കുട്ടികൾക്ക് അവാർഡ് ഉണ്ടാകുമെന്നും സജി ചെറിയാൻ ഉറപ്പ് നൽകി.
അതേസമയം, “വേടന് പോലും ഞങ്ങൾ പുരസ്‌കാരം നൽകി” എന്ന പരാമർശത്തെക്കുറിച്ച് മന്ത്രി പിന്നീട് വ്യക്തത നൽകി. കേരളത്തിൽ കഴിവുറ്റ നിരവധി ഗാനരചയിതാക്കളുണ്ടായിട്ടും, ഗാനരചയിതാവല്ലാത്ത വേടന് മികച്ച ഒരു പാട്ടിന്റെ പേരിൽ പുരസ്‌കാരം നൽകി എന്നതാണ് താൻ ഉദ്ദേശിച്ചത് എന്നും മന്ത്രി കൂട്ടിച്ചേർത്തു.