ഓർമ്മകളുടെ ഉണർത്തലും സംസ്‌കാരത്തിന്റെ വീണ്ടെടുപ്പും ; മൻ കി ബാത്തിൽ തിരുനാവായ കുംഭമേള പരാമർശിച്ച് പ്രധാനമന്ത്രി
കുംഭമേള ഓർമ്മകളുടെ ഉണർത്തലും സംസ്‌കാരത്തിന്റെ വീണ്ടെടുപ്പുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഞായറാഴ്ച പ്രക്ഷേപണംചെയ്ത മൻകി ബാത്തിലാണ് പ്രധാനമന്ത്രി, ജനുവരി-ഫെബ്രുവരി മാസങ്ങളിലായി തിരുനാവായയിൽ നടന്ന മഹാമാഘമഹോത്സവത്തെക്കുറിച്ച് പരാമർശിച്ചത്.
കോട്ടയ്ക്കൽ: കുംഭമേള ഓർമ്മകളുടെ ഉണർത്തലും സംസ്‌കാരത്തിന്റെ വീണ്ടെടുപ്പുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഞായറാഴ്ച പ്രക്ഷേപണംചെയ്ത മൻകി ബാത്തിലാണ് പ്രധാനമന്ത്രി, ജനുവരി-ഫെബ്രുവരി മാസങ്ങളിലായി തിരുനാവായയിൽ നടന്ന മഹാമാഘമഹോത്സവത്തെക്കുറിച്ച് പരാമർശിച്ചത്.
മഹാകുംഭമേളയായാലും കേരള കുംഭമേള (മഹാമാഘമഹോത്സവം) ആയാലും അത് സ്‌നാനത്തിന്റെ മാത്രം ഉത്സവമല്ല. സംസ്‌കാരത്തിന്റെ പുനരുജ്ജീവനമാണ്. രാജ്യത്തിന്റെ വടക്കുമുതൽ തെക്കുവരെ നദികൾ വ്യത്യസ്തമായിരിക്കാം, തീരങ്ങളും. പക്ഷേ വിശ്വാസത്തിന്റെ പ്രവാഹം ഒന്നുതന്നെ -അതാണുഭാരതം.
കഴിഞ്ഞവർഷം ഇതേ സമയത്ത് നടന്ന മഹാകുംഭമേളയുടെ അത്ഭുതകരമായ ചിത്രങ്ങൾ ഓർമ്മിപ്പിച്ചാണ് പ്രധാനമന്ത്രി തിരുനാവായ കുംഭമേളയെക്കുറിച്ച് പറഞ്ഞുതുടങ്ങിയത്. കേരളഭൂമിയിൽ തിരുനാവായയിലെ ഭാരതപ്പുഴയുടെ തീരത്തിന് നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു പാരമ്പര്യമുണ്ട് -മാമാങ്കം. മഹാമാഘമഹോത്സവം അല്ലെങ്കിൽ കേരളകുംഭം എന്നും ഇത് വിളിക്കപ്പെടുന്നു. മാഘമാസത്തിൽ ഇവിടുത്തെ പുണ്യപ്രവാഹത്തിൽ സ്‌നാനംചെയ്യുന്നത് മഹത്തായ ഒരു ആത്മസ്മൃതിയുടെ ഭാഗമായിരുന്നു. 250-ലേറെ വർഷങ്ങളായി അതുമുടങ്ങിയിട്ട്. മുടങ്ങിപ്പോയ ഈ പൈതൃകം വീണ്ടെടുക്കുകയാണു നമ്മൾ. ചരിത്രത്തിലെ വഴിത്തിരിവാണിത്.
വലിയ പ്രചാരണപ്രഖ്യാപനങ്ങളില്ലാതെയാണ് ഇത്തവണ കേരളകുംഭമേള സംഘടിപ്പിച്ചത്. ആളുകൾ പരസ്പരം ഇതേക്കുറിച്ച് പറഞ്ഞു, വാമൊഴിയായി പരന്നു, താമസിയാതെ വലിയതോതിൽ ഭക്തർ തിരുനാവായയിൽ എത്തിത്തുടങ്ങി. അത് വിജയമായി. ഭാരതം അതിന്റെ 'സനാതനചേതന'യുമായി വീണ്ടും ഒന്നിക്കുന്നതായി തോന്നിയെന്നാണ് ത്രിമൂർത്തീസംഗമസ്ഥാനത്തെ ഈ മേളയെക്കുറിച്ച് പ്രധാനമന്ത്രി പറഞ്ഞത്. മഹാകുംഭത്തിന്റെ അതേ പ്രവാഹം, അതേ മാഘമാസത്തിൽ, അതേഭക്തിപ്രഹർഷത്തോടെ, വടക്കുനിന്ന് തെക്കോട്ടു നീങ്ങുമ്പോൾ അതിന് ഒരു പുതിയ സ്വത്വം കൈവരുന്നു -പ്രധാനമന്ത്രി പറഞ്ഞു.