തീർത്ഥാടകരുടെ ശ്രദ്ധയ്ക്ക് ..! മഴയും പമ്പയിലെ വെള്ള പൊക്കവും, ഭക്തർ കഴിവതും ശബരിമല യാത്ര ഒഴിവാക്കണമെന്ന അഭ്യർഥനയുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്
അതിതീവ്ര മഴയുടെയും പമ്പയിലെ വെള്ളപൊക്കത്തിന്‍റെയും പശ്ചാത്തലത്തിൽ ഭക്തർ ശബരിമല ദർശനം കഴിവതും ഒഴിവാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ അഭ്യർഥന. നിറപുത്തരി ചടങ്ങുകൾക്ക് ശബരിമല നട തുറക്കുന്ന ഓഗസ്റ്റ് 2, 3 തീയതികളിൽ ശബരിമല ദർശനം നടത്താൻ തീരുമാനിച്ചിട്ടുള്ള ഭക്തരോടാണ് ദേവസ്വം ബോർഡിന്‍റെ അഭ്യർഥന.
പമ്പ: അതിതീവ്ര മഴയുടെയും പമ്പയിലെ വെള്ളപൊക്കത്തിന്‍റെയും പശ്ചാത്തലത്തിൽ ഭക്തർ ശബരിമല ദർശനം കഴിവതും ഒഴിവാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ അഭ്യർഥന. നിറപുത്തരി ചടങ്ങുകൾക്ക് ശബരിമല നട തുറക്കുന്ന ഓഗസ്റ്റ് 2, 3 തീയതികളിൽ ശബരിമല ദർശനം നടത്താൻ തീരുമാനിച്ചിട്ടുള്ള ഭക്തരോടാണ് ദേവസ്വം ബോർഡിന്‍റെ അഭ്യർഥന. ഓഗസ്റ്റ് മാസത്തിൽ തന്നെ ചിങ്ങമാസ പൂജകൾക്കായും (ഓഗസ്റ്റ് 16 മുതൽ 21 വരെയും) ഓണത്തോട് അനുബന്ധിച്ച പൂജകൾക്കായും (ഓഗസ്റ്റ് 24 മുതൽ 28 വരെയും) ശബരിമല നട തുറക്കുന്നുണ്ടെന്നും ഈ സമയം ദർശനത്തിനായി ഭക്തർക്ക് തെരെഞ്ഞെടുക്കാവുന്നതാണെന്നും ബോർഡ് ചൂണ്ടിക്കാട്ടി.
അതിതീവ്ര മഴ തുടരുന്നതിനാലും മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാലുമാണ് ഭക്തരോട് ഇത്തരത്തിൽ ഒരു അഭ്യർത്ഥന നടത്തുന്നതെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് വിശദീകരിച്ചു. അതേസമയം സംസ്ഥാനത്താകെ അതിതീവ്ര മഴ തുടരുകയാണ്. 9 ജില്ലകളിൽ റെഡ് അലർട്ടും 5 ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്.