കരിപ്പൂരിൽ 1.1 കോടിയുടെ സ്വർണക്കവർച്ചാ ശ്രമം: ക്വട്ടേഷൻ സംഘവും കടത്തുകാരും പിടിയിൽ; പൊലീസിനെ അപായപ്പെടുത്താൻ നീക്കം
കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിദേശത്തുനിന്നെത്തിയ വനിതാ കാരിയറുടെ പക്കൽനിന്ന് 1.1 കോടിയിലധികം രൂപ വിലമതിക്കുന്ന സ്വർണം തട്ടിയെടുക്കാൻ ശ്രമിച്ച ക്വട്ടേഷൻ സംഘത്തെയും സ്വർണം കടത്തിയ സംഘത്തെയും പൊലീസ് നാടകീയമായി പിടികൂടി. എമർജൻസി ലാമ്പിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്ന 817 ഗ്രാം സ്വർണവുമായി വന്ന അഭിരാമി എന്ന യുവതിയെയും ഇത് കൈപ്പറ്റാനെത്തിയ എറണാകുളം സ്വദേശി ഹർഷലിനെയും കസ്റ്റഡിയിലെടുത്ത പൊലീസ്, ഇവരെ തട്ടിക്കൊണ്ടുപോയി സ്വർണം കൈക്കലാക്കാൻ എത്തിയ കവർച്ചാ സംഘത്തിലെ സയന്ത് (28), ബബിലേഷ് (40) എന്നിവരെയും അറസ്റ്റ് ചെയ്തു.
കരിപ്പൂർ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിദേശത്തുനിന്നെത്തിയ വനിതാ കാരിയറുടെ പക്കൽനിന്ന് 1.1 കോടിയിലധികം രൂപ വിലമതിക്കുന്ന സ്വർണം തട്ടിയെടുക്കാൻ ശ്രമിച്ച ക്വട്ടേഷൻ സംഘത്തെയും സ്വർണം കടത്തിയ സംഘത്തെയും പൊലീസ് നാടകീയമായി പിടികൂടി. എമർജൻസി ലാമ്പിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്ന 817 ഗ്രാം സ്വർണവുമായി വന്ന അഭിരാമി എന്ന യുവതിയെയും ഇത് കൈപ്പറ്റാനെത്തിയ എറണാകുളം സ്വദേശി ഹർഷലിനെയും കസ്റ്റഡിയിലെടുത്ത പൊലീസ്, ഇവരെ തട്ടിക്കൊണ്ടുപോയി സ്വർണം കൈക്കലാക്കാൻ എത്തിയ കവർച്ചാ സംഘത്തിലെ സയന്ത് (28), ബബിലേഷ് (40) എന്നിവരെയും അറസ്റ്റ് ചെയ്തു. ഇൻഫർമേഷൻ ലഭിച്ചെത്തിയ പൊലീസ് സ്പെഷ്യൽ സ്ക്വാഡ് ഉദ്യോഗസ്ഥന് നേരെ മറ്റൊരു ക്വട്ടേഷൻ സംഘം ഇന്നോവ കാർ ഓടിച്ചുകയറ്റി അപായപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥൻ റോഡരികിലേക്ക് ചാടിമാറി രക്ഷപ്പെടുകയായിരുന്നു.
മുൻപും നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട പത്തോളം പേരടങ്ങുന്ന സംഘമാണ് കവർച്ചാ പദ്ധതിക്ക് പിന്നിലുണ്ടായിരുന്നത്. താമരശ്ശേരി സ്വദേശി സ്വാലിഹ് എന്നയാളാണ് തനിക്ക് സ്വർണം നൽകിയതെന്നാണ് യുവതിയുടെ മൊഴി. കാരിയർ പ്രതിഫലമായി നൽകാൻ ഹർഷൽ കൊണ്ടുവന്ന 67,000 രൂപയും ഇയാളുടെ ആൾട്ടോ കാറും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. സ്വർണവും പിടിയിലായ കടത്തുസംഘത്തെയും തുടർ നടപടികൾക്കായി കസ്റ്റംസിന് കൈമാറുമെന്ന് പൊലീസ് അറിയിച്ചു. സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട കവർച്ചാ സംഘത്തിലെ മറ്റ് അംഗങ്ങൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.