നാലുമാസം പ്രായമുള്ള കുഞ്ഞിനെ വിൽക്കാൻ ശ്രമം: മാതാപിതാക്കളും ഇടനിലക്കാരനും കട്ടപ്പനയിൽ പിടിയിൽ

ഇടുക്കി കട്ടപ്പനയിൽ നാലുമാസം പ്രായമുള്ള ആൺകുഞ്ഞിനെ വിൽക്കാൻ ശ്രമിച്ച അസം സ്വദേശികളായ മാതാപിതാക്കളും ഇടനിലക്കാരനും പൊലീസിന്റെ പിടിയിലായി. രണ്ടര ലക്ഷം രൂപയ്ക്കാണ് കുഞ്ഞിനെ വിൽക്കാൻ ഇവർ കച്ചവടം ഉറപ്പിച്ചിരുന്നത്. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.

 

ഇടുക്കി: ഇടുക്കി കട്ടപ്പനയിൽ നാലുമാസം പ്രായമുള്ള ആൺകുഞ്ഞിനെ വിൽക്കാൻ ശ്രമിച്ച അസം സ്വദേശികളായ മാതാപിതാക്കളും ഇടനിലക്കാരനും പൊലീസിന്റെ പിടിയിലായി. രണ്ടര ലക്ഷം രൂപയ്ക്കാണ് കുഞ്ഞിനെ വിൽക്കാൻ ഇവർ കച്ചവടം ഉറപ്പിച്ചിരുന്നത്. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.

ഇടുക്കി കഞ്ഞിക്കുഴിയിൽ ജോലി ചെയ്തുവരികയായിരുന്ന അസം സ്വദേശികളായ ദമ്പതികളാണ് സ്വന്തം കുഞ്ഞിനെ വിൽക്കാൻ തുനിഞ്ഞത്. നാലു ലക്ഷം രൂപ നൽകിയാൽ കുഞ്ഞിനെ നൽകാമെന്ന് അസം സ്വദേശിയായ ഇടനിലക്കാരൻ ജാഡുഗോഗി കട്ടപ്പനയിലുള്ള തന്റെ സുഹൃത്തിനെ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ ചർച്ചകൾക്കൊടുവിൽ രണ്ടര ലക്ഷം രൂപയ്ക്ക് കച്ചവടം ഉറപ്പിക്കുകയായിരുന്നു. തുക ഉറപ്പിച്ച ശേഷം കുഞ്ഞുമായി മാതാപിതാക്കൾ കട്ടപ്പനയിൽ എത്തിയ സമയത്താണ് പൊലീസ് ഇവരെ തടഞ്ഞുവെച്ച് അറസ്റ്റ് ചെയ്തത്. മൂന്ന് മക്കളുള്ള ഈ ദമ്പതികളുടെ മൂത്ത രണ്ടു കുട്ടികൾ നിലവിൽ അസമിൽ സഹോദരിയുടെ സംരക്ഷണയിലാണ് കഴിയുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് കുഞ്ഞിനെ വിൽക്കാനുള്ള നീക്കത്തിന് പിന്നിലെന്നാണ് പ്രതികൾ പൊലീസിന് നൽകിയ പ്രാഥമിക മൊഴി. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.