താമരക്കുളത്ത് പ്രവാസിയുടെ വീട്ടില്‍ മോഷണശ്രമം

രാജീവ് നായരും ഭാര്യയും ഗള്‍ഫിലായതിനാല്‍ വീട് അടഞ്ഞുകിടക്കുകയായിരുന്നു.

 

മുഖം മറച്ചെത്തിയ രണ്ടുപേരുടെ ദൃശ്യങ്ങള്‍ വീട്ടിലെ സിസിടിവിയില്‍നിന്ന് ലഭിച്ചിട്ടുണ്ട്

താമരക്കുളം വേടരപ്ലാവില്‍ ആളില്ലാത്ത വീട്ടില്‍ മോഷണശ്രമം. ഗള്‍ഫില്‍ ജോലി ചെയ്യുന്ന വേടരപ്ലാവ് ശ്രീനന്ദനത്തില്‍ രാജീവ് നായരുടെ വീട്ടിലാണ് ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ മോഷണശ്രമം നടന്നത്. മുഖം മറച്ചെത്തിയ രണ്ടുപേരുടെ ദൃശ്യങ്ങള്‍ വീട്ടിലെ സിസിടിവിയില്‍നിന്ന് ലഭിച്ചിട്ടുണ്ട്. രാജീവ് നായരും ഭാര്യയും ഗള്‍ഫിലായതിനാല്‍ വീട് അടഞ്ഞുകിടക്കുകയായിരുന്നു. നാട്ടില്‍ ബന്ധുവിനൊപ്പമുള്ള മകളും മകനും ഇടയ്ക്ക് വന്ന് വീട് തുറക്കാറാണ് പതിവ്. ഇവര്‍ ചൊവ്വാഴ്ച രാവിലെ വീട്ടിലെത്തിയപ്പോള്‍ മുന്‍വാതില്‍ തുറന്നുകിടക്കുന്നത് കണ്ടതോടെയാണ് മോഷ്ടാക്കള്‍ കയറിയ വിവരമറിയുന്നത്. വീടിന്റെ മുന്‍വാതില്‍ കുത്തിത്തുറന്ന് അകത്തുകടന്ന മോഷ്ടാക്കള്‍ മുകളിലത്തെ നിലയിലുള്‍പ്പെടെയുള്ള മുറികളിലെ അലമാരകളും മേശകളും കുത്തിത്തുറന്ന് സാധനങ്ങളെല്ലാം വലിച്ചുവാരിയിട്ട നിലയിലായിരുന്നു.

വീട്ടില്‍ സ്വര്‍ണാഭരണങ്ങള്‍ ഉണ്ടായിരുന്നില്ലെന്നാണ് വിവരം. വിലപിടിപ്പുള്ള ഇലക്ട്രിക്, ഇലക്ട്രോണിക് ഉപകരണങ്ങളൊന്നും നഷ്ടപ്പെട്ടിട്ടില്ല. മതില്‍ ചാടിക്കടന്ന് വീടിന്റെ മുന്നിലെത്തിയ മോഷ്ടാക്കള്‍ കതക് കുത്തിപ്പൊളിക്കുന്നതിന്റെയും കാമറ ശ്രദ്ധയില്‌പെട്ടതോടെ അത് തിരിച്ചുവെക്കുന്നതിന്റെയും ബള്‍ബ് ഊരി മാറ്റുന്നതിന്റെയും ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. സംഭവത്തില്‍ നൂറനാട് പൊലീസ് അന്വേഷണം ആരംഭിച്ചു.